Asianet News MalayalamAsianet News Malayalam

ദില്ലി ഏകദിനം: ഓസീസ് തിരിച്ചടിക്കുന്നു; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് ഉയര്‍ത്തിയ 272നെതിരെ ഇന്ത്യ 22 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (47), വിജയ് ശങ്കര്‍ (7) എന്നിവരാണ് ക്രീസില്‍.

India lost third wicket in Delhi ODI vs Australia
Author
New Delhi, First Published Mar 13, 2019, 7:21 PM IST

ദില്ലി: ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക ഏകദിനത്തില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് ഉയര്‍ത്തിയ 272നെതിരെ ഇന്ത്യ 22 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (47), വിജയ് ശങ്കര്‍ (7) എന്നിവരാണ് ക്രീസില്‍. ശിഖര്‍ ധവാന്‍ (12), വിരാട് കോലി (20), ഋഷഭ് പന്ത് (16) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പാറ്റ് കമ്മിന്‍സ്, മാര്‍കസ് സ്‌റ്റോയ്‌നിസ്, നഥാന്‍ ലിയോണ്‍ എന്നിവര്‍ക്കാണ് വിക്കറ്റ്.

അഞ്ചാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മൊഹാലി ഏകദിനത്തിലെ സെഞ്ചുറിക്കാരനായ ധവാന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കി മടങ്ങി. കോലിക്കും അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. സ്റ്റോയ്‌നിസിന്റെ പന്തില്‍ ക്യാരിക്ക് തന്നെ ക്യാച്ച് നല്‍കുകയായിരുന്നു. പന്ത് നന്നായി തുടങ്ങിയെങ്കിലും ലിയോണിന്റെ പന്തില്‍ അഷ്ടണ്‍ ടര്‍ണര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. ഓരോ സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

നേരത്തെ സെഞ്ചുറി നേടിയ ഉസ്മാന്‍ ഖവാജയും (100) അര്‍ദ്ധ സെഞ്ചുറി നേടിയ ഹാന്‍ഡ്സ്‌കോമ്പുമാണ് (52) ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഖവാജയും ഫിഞ്ചും നല്‍കിയത്. ആദ്യ ഓവറുകളില്‍ പന്തെടുത്തവരെല്ലാം അടിവാങ്ങി. 12 ഓവറില്‍ 60 കടന്നു. ആദ്യ വിക്കറ്റ് വീഴ്ത്താന്‍ 76 റണ്‍സ് വരെ ഇന്ത്യക്ക് കാത്തിരിക്കേണ്ടിവന്നു. 27 റണ്‍സെടുത്ത ഫിഞ്ചിനെ ജഡേജ ബൗള്‍ഡാക്കി. എന്നാല്‍ ദില്ലിയിലും തകര്‍ത്തുകളിച്ച ഖവാജ 102 പന്തില്‍ സെഞ്ചുറിയിലെത്തി. കൂറ്റന്‍ സ്‌കോറിലെത്താനുള്ള സാധ്യത ഈ സമയം ഓസ്ട്രേലിയയുടെ മുന്നിലുണ്ടായിരുന്നു. 

എന്നാല്‍ സെഞ്ചുറിക്ക് തൊട്ടുപിന്നാലെ ഖവാജയെ 33-ാം ഓവറില്‍ പുറത്താക്കി ഭുവി ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യ മത്സരത്തില്‍ തിരികെയെത്തി. തൊട്ടടുത്ത ഓവറില്‍ വെടിക്കെട്ട് വീരന്‍ മാക്സ്വെല്ലിനെ ഭുവി കോലിയുടെ കൈകളിലെത്തിച്ചു. അര്‍ദ്ധ സെഞ്ചുറി പിന്നിട്ട ഹാന്‍ഡ്സ്‌കോമ്പ്(52), സ്റ്റോയിനിസ്(20), ടര്‍ണര്‍(20) എന്നിങ്ങനെ മധ്യനിരയിലെ കൂറ്റനടിക്കാര്‍ വേഗം മടങ്ങിയതോടെ കളി ഇന്ത്യ വരുതിയിലാക്കി. അലക്സ് ക്യാരിയും(3) വൈകാതെ പുറത്ത്. ഇതോടെ ഓസീസ് 46 ഓവറില്‍ 229-7. 

റിച്ചാര്‍ഡ്സണും കമ്മിന്‍സും ചേര്‍ന്ന് 18-ാം ഓവറില്‍ ബുറയെ 19 റണ്‍സ് അടിച്ചെടുത്തു. 49-ാം ഓവറിലെ മൂന്നാം പന്തില്‍ ഭുവിയുടെ റിട്ടേണ്‍ ക്യാച്ചില്‍ കമ്മിന്‍സിന്റെ(15) വിക്കറ്റ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. അവസാന ഓവറില്‍ ബുംറയെ ഏഴ് റണ്‍സടിച്ച് ഓസ്ട്രേലിയ 272-9 എന്ന സ്‌കോറില്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. റിച്ചാര്‍ഡ്സണ്‍(29) അവസാന പന്തില്‍ റണ്‍ ഔട്ടായി. ലിയേണ്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഭുവി മൂന്നും ഷമിയും ജഡേജയും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios