ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ മികച്ച തുടക്കം മുതലാക്കാവാതെ ഇന്ത്യ. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 12 ഓവറുകള്‍ പിന്നിടുമ്പോള്‍ 87 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. ഋഷഭ് പന്ത് (18), ശ്രേയസ് അയ്യര്‍ (3) എന്നിവരാണ് ക്രീസില്‍. കംഗിസോ റബാദ, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, തബ്രൈസ് ഷംസി എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി വിക്കറ്റ് നേടിയത്. 

ശിഖര്‍ ധവാന്‍ (36), രോഹിത് ശര്‍മ (9), വിരാട് കോലി (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത്തിനെ ഹെന്‍ഡ്രിക്‌സ് സ്ലിപ്പില്‍ റീസ ഹെന്‍ഡ്രിക്‌സിന്റെ കൈകളിലെത്തിച്ചു. ധവാനാവട്ടെ ഷംസിയെ പൊക്കിയടിക്കാനുള്ള ശ്രമത്തില്‍ തെംബ ബവൂമയ്ക്ക് ക്യാച്ച് നല്‍കി. റബാദക്കെതിരെ സിക്‌സ് നേടാനുള്ള ശ്രമത്തില്‍ കോലി ബൗണ്ടറി ലൈനില്‍ ഫെഹ്‌ലുക്വായുടെ കൈകളില്‍ ഒതുങ്ങി.

മൊഹാലിയില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത് ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തിയിട്ടുണ്ട്. റീസ ഹെന്‍ഡ്രിക്‌സ് ടീമിലെത്തിയപ്പോള്‍ ആന്റിച്ച് നോര്‍ജെ പുറത്തുപോയി. മത്സരത്തിനിടെ മഴ പെയ്യുമെന്ന് കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. മൊഹാലിയില്‍ നടന്ന രണ്ടാം മത്സരം ഇന്ത്യ ജയിക്കുകയായിരുന്നു. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക്  പരമ്പര സ്വന്തമാക്കാം. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്‌സ്, ക്വിന്റണ്‍ ഡി കോക്ക്, തെംബ ബവൂമ, റാസി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, ആന്‍ഡിലെ ഫെഹ്ലുക്വായോ, ബോണ്‍ ഫോര്‍ടിന്‍, കഗിസോ റബാദ, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, തബ്രൈസ് ഷംസി.