വിശാഖപട്ടണം പിച്ച് ഹൈദരാബാദിനെ അപേക്ഷിച്ച് സ്പിന്നര്‍മാരെ കൂടുതല്‍ തുണക്കുന്നതായിരിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ സിറാജിന് പകരം ഒരു ബാറ്ററെ അധികമായി കളിപ്പിക്കുകയോ ഒരു സ്പിന്നറെ കൂടി ഉള്‍പ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള വഴി.
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ നാലു സ്പിന്നര്‍മാരെ കളിപ്പിക്കുമെന്ന് സൂചന. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് നാലു സ്പിന്നര്‍മാരുമായി ഇറങ്ങാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ത്യയും അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനായി നാലു സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനൊരുങ്ങുന്നത് എന്നാണ് സൂചന.
രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തായതിനാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാണ് ആലോചിക്കുന്നത്. പേസറായി ജസ്പ്രീത് ബുമ്രയെ മാത്രം കളിപ്പിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്രം. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ രണ്ടാം പേസറായി കളിച്ച മുഹമ്മദ് സിറാജിന് തിളങ്ങാനായിരുന്നില്ല. ഒരു വിക്കറ്റ് പോലും വീഴ്ത്താനോ കളിയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രഭാവമുണ്ടാക്കാനോ സിറാജിനായിരുന്നില്ല.
വിശാഖപട്ടണം പിച്ച് ഹൈദരാബാദിനെ അപേക്ഷിച്ച് സ്പിന്നര്‍മാരെ കൂടുതല്‍ തുണക്കുന്നതായിരിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ സിറാജിന് പകരം ഒരു ബാറ്ററെ അധികമായി കളിപ്പിക്കുകയോ ഒരു സ്പിന്നറെ കൂടി ഉള്‍പ്പെടുത്തുകയോ ചെയ്യുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള വഴി.
ബാറ്റിംഗ് നിരയില്‍ സര്‍ഫറാസ് ഖാനും രജത് പാടീദാറിനും ഒരുമിച്ച് അവസരം നല്‍കിയാല്‍ ഇന്ത്യക്ക് അഞ്ചാം ബൗളറുണ്ടാവില്ല. ബാസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിക്കുന്ന ഇംഗ്ലണ്ടിനെിരെ ഇത് ആത്മഹത്യാപരമായിരിക്കും. ഈ സാഹചര്യത്തില്‍ ബാറ്റിംഗ് ഓള്‍ റൗണ്ടറായ വാഷിംഗ്ടണ്‍ സുന്ദറെ കൂടി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നതിലൂടെ അഞ്ചാം ബൗളറുടെയും ബാറ്ററുടെയും കുറവ് നികത്താനാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
വിശാഖപട്ടണം അശ്വിനും രോഹിത്തും നിറഞ്ഞാടിയ ഇന്ത്യയുടെ ഭാഗ്യവേദി, പക്ഷെ ടോസ് നിര്‍ണായകമാകും
ബാറ്റിംഗ് നിരയില്‍ രോഹിത്, ജയ്സ്വാള്‍, ഗില്‍, ശ്രേയസ്, രജത് പാടീദാര്‍/ സര്‍ഫറാസ് ഖാന്‍, ശ്രീകര്‍ ഭരത്, അക്സര്‍ പട്ടേല്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിങ്ങനെയായിരിക്കും ബാറ്റിംഗ് ക്രമം. ബൗളിംഗ് നിരയില്‍ വാഷിംഗ്ടണ്‍ സുന്ദര്‍, അശ്വിന്‍, അക്സര്‍, കുല്‍ദീപ് യാദവ്, ജസപ്രീത് ബുമ്ര എന്നിവരും കളിക്കാനിടയുണ്ട്.
