മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയേക്കും. അടുത്തകാലത്തായി ഇടവേളകളില്ലാതെ കളിച്ചുകൊണ്ടിരിക്കുകയാണ് താരം. ഇക്കാര്യം കണക്കിലെടുത്താണ് വിശ്രമം നല്‍കുന്നത്. എന്നാല്‍ ആദ്യം നടക്കുന്ന ടി20 പരമ്പരയില്‍ രോഹിത് കളിക്കും. മൂന്ന് ഏകദിനങ്ങളില്‍ മാത്രമാണ് താരത്തിന് വിശ്രമം നല്‍കുക. ഡിസംബര്‍ ഏഴിനാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കമാവുന്നത്. മൂന്ന് വീതം ടി20യും ഏകദിനവും അടങ്ങുന്നതാണ് പരമ്പര.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് പലപ്പോഴായി വിശ്രമം അനുവദിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ കോലി കളിച്ചിരുന്നില്ല. കോലി ഇല്ലാത്ത സമയങ്ങളില്‍ ടീമിനെ നയിക്കേണ്ട ചുമതലയും രോഹിത്തിനായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന് വിശ്രമം നല്‍കാന്‍ ഒരു നിര്‍വാഹവുമില്ലായിരുന്നു. 

രോഹിതിന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെയെങ്കില്‍ ശുഭ്മാന്‍ ഗില്ലോ അല്ലെങ്കില്‍ മയങ്ക് അഗര്‍വാളോ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം.