സുന്ദറും കുല്‍ദീപും തിളങ്ങി! ലങ്കയെ പിടിച്ചുകെട്ടി ഇന്ത്യ; രോഹിത്തിനും സംഘത്തിനും 241 റണ്‍സ് വിജയലക്ഷ്യം
മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്താണ് ഇന്ത്യ തുടങ്ങിയത്. പതും നിസ്സങ്കയെ (0) മുഹമ്മദ് സിറാജ്, വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു.
കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 241 റണ്‍സ് വിജയലക്ഷ്യം. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് അവിഷ്‌ക ഫെര്‍ണാണ്ടോ (40), കമിന്ദു മെന്‍ഡിസ് (40), ദുനിത് വെല്ലാലഗെ (39) എന്നിവരുടെ ഇന്നിംഗ്‌സാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. കുല്‍ദീപ് യാദവിന് രണ്ട് വിക്കറ്റുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം മത്സരമാണ് ഇന്ന് നടക്കുന്നത്. ആദ്യത്തേത് ടൈ ആയിരുന്നു.
മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്താണ് ഇന്ത്യ തുടങ്ങിയത്. പതും നിസ്സങ്കയെ (0) മുഹമ്മദ് സിറാജ്, വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ അവിഷ്‌ക ഫെര്‍ണാണ്ടോ - കുശാന്‍ മെന്‍ഡിസ് (30) സഖ്യം 74 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അവിഷ്‌കെ പുറത്താക്കി സുന്ദര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ കുശാലിനെയും സുന്ദര്‍ മടക്കി. ഇതോടെ മൂന്നിന് 79 എന്ന നിലയിലായി ലങ്ക. സധീര സമരവിക്രമ (14), ചരിത് അസലങ്ക (25), ജനിത് ലിയാങ്കെ (12) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചല്ല. പിന്നീട് വെല്ലാലഗെ - കമിന്ദു സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. 47-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. പിന്നീടെത്തിയ അഖില ധനഞ്ജയ (15) നിര്‍ണായക റണ്‍സ് കൂട്ടിചേര്‍ത്തു. ജെഫ്രി വാന്‍ഡര്‍സേ (1) പുറത്താവാതെ നിന്നു.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്. അതേസമയം, രണ്ട് മാറ്റങ്ങളുമായാണ് ലങ്ക ഇന്നിറങ്ങുന്നത്. പരിക്കേറ്റ് പുറത്തായ വാനിന്ദു ഹസരങ്കക്ക് പകരം കാമിന്ദു മെന്‍ഡിസും ഷിറാസിന് പകരം ജെഫ്രി വാന്‍ഡെര്‍സെയും ലങ്കയുടെ അന്തിമ ഇലവനിലെത്തി.
ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: പാത്തും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുസല്‍ മെന്‍ഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, കാമിന്ദു മെന്‍ഡിസ്, ജനിത് ലിയാനഗെ, ദുനിത് വെല്ലലഗെ, അഖില ധനഞ്ജയ, അസിത ഫെര്‍ണാണ്ടോ, ജെഫ്രി വാന്‍ഡര്‍സെ.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.