ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക ഏകദിനത്തില്‍ ഇന്ത്യക്ക് 287 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 286 റണ്‍സ് നേടിയത്. സ്റ്റീവന്‍ സ്മിത്തിന്റെ (131) സെഞ്ചുറിയായിരുന്നു ഓസീസ് ഇന്നിങ്‌സിലെ പ്രത്യേകത. മര്‍ണസ് ലബുഷെയന്‍ 54 റണ്‍സ് നേടി. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗള്‍മാരിലെ ഹീറോ. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് നേടി. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങള്‍ ഇരുടീമുകളും പങ്കിട്ടിരുന്നു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. 

മിന്നിതിളങ്ങി സ്മിത്ത്, പിന്തുണയുമായി ലബുഷെയ്ന്‍

ഓസീസ് താരത്തിന്റെ ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ബംഗളൂരുവില്‍ പിറന്നത്. 14 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. എന്നാല്‍ മര്‍ണസ് ലബുഷെയ്‌നില്‍ (64 പന്തില്‍ 54)നിന്ന് മാത്രമാണ് സ്മിത്തിന് പിന്തുണ ലഭിച്ചത്. ഇരുവരും 126 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പിന്നീട് അലക്‌സ് ക്യാരി (35)യുമൊത്ത് 58 റണ്‍സും സ്മിത്ത് കൂട്ടിച്ചേര്‍ത്തു. ഈ രണ്ട് കൂട്ടുകെട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ ഓസീസിന്റെ നില ഇതിലും പരിതാപകരമായേനെ. മറ്റാര്‍ക്കും ഓസീസ് നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല.


ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തി

ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ ഓസീസ് ഓപ്പണര്‍മാര്‍ നിര്‍ണായക മത്സത്തില്‍ നിരാശപ്പെടുത്തി. സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ വാര്‍ണര്‍ മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കുകയായിരുന്നു വാര്‍ണര്‍. അധികം വൈകിയില്ല, ക്യാപ്റ്റന്‍ ഫിഞ്ചും പവലിയനില്‍ തിരിച്ചെത്തി. റണ്ണിങ്ങിനിടെ സ്മിത്തുമായുണ്ടായ ആശയകുഴപ്പം റണ്ണൗട്ടില്‍ അവസാനിക്കുകയായിരുന്നു. 

എറിഞ്ഞിട്ട് ജഡ്ഡുവും ഷമിയും, മധ്യനിരയും വാലറ്റവും തകര്‍ന്നു

സ്മിത്ത്- ലബുഷെയ്ന്‍ സഖ്യം ഓസീസിനെ മികച്ച നിലയിലേക്ക് നയിക്കുമ്പോഴാണ് രവീന്ദ്ര ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ലബുഷെയ്‌നെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പരീക്ഷിച്ചെങ്കിലു കാര്യമുണ്ടായില്ല. ജഡേജയുടെ തന്നെ പന്തില്‍ ചാഹലിന് ക്യാച്ച്. ക്യാരിയെ കുല്‍ദീപ് മടക്കിയപ്പോള്‍ അഷ്ടണ്‍ ടര്‍ണര്‍ നവ്ദീപ് സൈനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. എന്നാല്‍ അപകടകാരിയായ നില്‍ക്കുകയായിരുന്ന സ്മിത്തിനെ ഷമിയാണ് മടക്കിയത്. നേരിട്ട് ആദ്യ പന്തില്‍ തന്നെ പാറ്റ് കമ്മിന്‍സിനെ ഒരു തകര്‍പ്പന്‍ യോര്‍ക്കര്‍ ഷമി മടക്കിയയച്ചു. ആഡം സാംപയ്ക്കും ഷമിയുടെ യോര്‍ക്കറിന് മുന്നില്‍ മറുപടി ഉണ്ടായിരുന്നില്ല. അവസാന ഓവറില്‍ ഹേസല്‍വുഡിനെയും തിരിച്ചയച്ച് ഷമി നാല് വിക്കറ്റ് പൂര്‍ത്തിയാക്കി.

മാറ്റമില്ലാതെ ഇന്ത്യ, ഓസീസ് ടീമില്‍ റിച്ചാര്‍ഡ്‌സണ്‍ പുറത്ത്

നേരത്തെ രാജ്‌കോട്ടില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ഋഷഭ് പന്തിന് പകരം കെ എല്‍ രാഹുല് വിക്കറ്റ് കീപ്പറാവുകയായിരുന്നു. ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. മോശം ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കെയ്ന്‍ റിച്ചാര്‍ഡ്‌സണിന് പകരം ജോഷ് ഹേസല്‍വുഡ് ടീമിലെത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂമ്ര.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, അലക്‌സ് ക്യാരി, അഷ്ടണ്‍ ടര്‍ണര്‍, അഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ആഡം സാംപ.