ഫ്‌ളോറിഡ: പന്തെടുത്ത എല്ലാ ഇന്ത്യന്‍ ബൗളര്‍മാരും വിക്കറ്റെടുത്തപ്പോള്‍ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ പൊരുതാതെ കീഴടങ്ങി. ടോസ് നഷ്‌പ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 49 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് പ്രകടനവുമായി നവ്ദീപ് സൈനി ടി20 അരങ്ങേറ്റം ഗംഭീരമാക്കി. ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. പൊള്ളാര്‍ഡിന് പുറമെ നിക്കോളാസ് പൂരനാണ് (20) രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍. ജോണ്‍ ക്യാംപല്‍ (0), എവിന്‍ ലൂയിസ് (0), ഷിംറോണ്‍ ഹെറ്റ്മയേര്‍ (0), റോവ്മാന്‍ പവല്‍ (4), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (9), സുനില്‍ നരെയ്ന്‍ (2), കീമോ പോള്‍ (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷെല്‍ഡന്‍ കോട്ട്‌റെല്‍ (0), ഒഷാനെ തോമസ് (0) പുറത്താവാതെ നിന്നു.

പൂരന്‍, ഹെറ്റ്മയേര്‍, പൊള്ളാര്‍ഡ് എന്നീ വമ്പന്മാരെയാണ് സൈനി മടക്കിയത്. പൂരന്‍, ഹെറ്റ്മയേര്‍ എന്നിവര്‍ അടുത്തടുത്ത പന്തുകളിലാണ് പുറത്തായത്. നാലോവറില്‍ 17 റണ്‍സ് മാത്രമാണ് സൈനി വിട്ടുകൊടുത്തത്. അവസാന ഓവര്‍ മെയ്ഡാനാക്കുകയും ചെയ്തു.