ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജ (104) യുടെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ പ്രത്യേകത.

റാഞ്ചി: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജ (104) യുടെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിലെ പ്രത്യേകത. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (93), ഗ്ലെന്‍ മാക്‌സ്‌വെല്‍ (47) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

തകര്‍പ്പന്‍ തുടക്കമാണ് സന്ദര്‍ശകര്‍ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫിഞ്ച്- ഖവാജ സഖ്യം 193 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 113 പന്തില്‍ 11 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഖവാജയുടെ ഇന്നിങ്‌സ്. പരമ്പരയില്‍ ആദ്യമായി ഫോമിലായ ഫിഞ്ച് 99 പന്തില്‍ 10 ഫോറും മൂന്ന് ഉള്‍പ്പെടെയാണ് 93 റണ്‍സ് നേടിയത്. ഫിഞ്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. 

തുടര്‍ന്നുവന്ന മാക്‌സ്‌വെല്ലും വെറുതെയിരുന്നില്ല. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 47 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ഖവാജ പുറത്തായത് ഓസീസിന് തിരിച്ചടിയായി. മുഹമ്മദ് ഷമിയുടെ പന്തില്‍ ബുംറയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഖവാജ. മികച്ച നല്‍കിയ ബാറ്റേന്തിയ മാക്‌സ്‌വെല്‍ രവീന്ദ്ര ജഡേജയുടെയും ധോണിയുടെയും കൂട്ടായ ശ്രമത്തില്‍ റണ്ണൗട്ടായി. 

പിന്നീടെത്തിയ താരങ്ങള്‍ മികച്ച സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഷോണ്‍ മാര്‍ഷ് (13), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (0) എന്നിവരെ കുല്‍ദീപ് യാദവ് പറഞ്ഞയച്ചു. പുറത്താവാതെ നിന്ന മാര്‍ക്‌സ് സ്റ്റോയിനിസ് (31), അലക്‌സ് ക്യാരി (21) സഖ്യമാണ് ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 300 കടത്തിയത്. ഇരുവരും 50 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

രണ്ടോവറില്‍ 32 റണ്‍സ് വഴങ്ങിയ കേദാര്‍ ജാദവാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അടിവാങ്ങിയത്. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നിറം മങ്ങിയ കളിയില്‍ കുല്‍ദീപ് യാദവ് പത്ത് ഓവറില്‍ 64 റണ്‍സ് വഴങ്ങിയപ്പോള്‍ ജഡേജയും യാദവിനൊപ്പം നിന്നു. എന്നാല്‍ വിക്കറ്റ് ഒന്നും നേടിയില്ലെന്ന് മാത്രം. ഷമി 10 ഓവറില്‍ 52 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.