സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയിട്ടും ഇന്ത്യക്ക് മത്സരം ജയിക്കാനായില്ല. ഇതോടെ ചില മോശം റെക്കോര്‍ഡുകളുടെ പട്ടികയിലും രോഹിത് ശര്‍മയുടെ ടീം ഇടംപിടിച്ചു.

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ജയത്തോടെ ഓസ്‌ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയിട്ടും ഇന്ത്യക്ക് മത്സരം ജയിക്കാനായില്ല. ഇതോടെ ചില മോശം റെക്കോര്‍ഡുകളുടെ പട്ടികയിലും രോഹിത് ശര്‍മയുടെ ടീം ഇടംപിടിച്ചു. ഏറ്റവും വലിയ തോല്‍വികളിലൊന്നാണ് ഇന്ത്യ ഇന്‍ഡോറില്‍ നേരിട്ടത്. 

എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ സ്വന്തം നാട്ടില്‍ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. 1135 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ എറിഞ്ഞത്. 1951/52ല്‍ കാണ്‍പൂരില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിനാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 1459 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ എറിഞ്ഞത്. 1983/84ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കൊല്‍ക്കത്തയില്‍ തോറ്റതാണ് മൂന്നാമത്. 1474 പന്തുകളാണ് മത്സരത്തില്‍ എറിഞ്ഞിരുന്നു. 2000/01ല്‍ മുംബൈ തോറ്റതും പട്ടികയിലുണ്ട്. അന്ന് 1476 പന്തുകളാണ് എറിഞ്ഞത്.

നാട്ടില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശേഷം ഇന്ത്യ തോല്‍ക്കുന്നതും അപൂര്‍വമായിട്ടേ ഉണ്ടായിട്ടുള്ളൂ. 2012/13ല്‍ ഇംഗ്ലണ്ടിനോട് കൊല്‍ക്കത്തയിലാണ് ഇന്ത്യ ഇത്തരത്തില്‍ അവസാനമായി തോറ്റത്. മാത്രമല്ല, നാട്ടില്‍ ഇന്ത്യ മൂന്ന് ദിവസം പൂര്‍ത്തിയാക്കാതെ തോല്‍ക്കുന്നത് ആറാം തവണയാണ്. 2016ല്‍ പൂനെയില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് അവസാനമായി തോറ്റത്. 2007ല്‍ അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയോടും ഇത്തരത്തില്‍ തോറ്റു. 2000ല്‍ ഓസ്‌ട്രേലിയയോടും തൊട്ടുമുമ്പത്തെ വര്‍ഷം ദക്ഷിണാഫ്രിക്കയോടും ഇതേ രീതിയില്‍ ഇന്ത്യ തോറ്റു. രണ്ട് മത്സരങ്ങളും മുംബൈയിലായിരുന്നു.

ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. 76 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് മൂന്നാംദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍: ഇന്ത്യ 109, 163 & ഓസ്‌ട്രേലിയ 197, 76. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. 49 റണ്‍സോടെ പുറത്താവാതെ നിന്ന ട്രോവിസ് ഹെഡാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നതാന്‍ ലിയോണാണ് മത്സരത്തിലെ താരം.

ബാറ്റിംഗ് സ്റ്റാന്‍സ് എടുക്കാതെ അശ്വിനെ പ്രകോപിപ്പിച്ച് ലാബുഷെയ്ന്‍; ഇടപെട്ട് രോഹിത്തും അമ്പയറും-വീഡിയോ