ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്‍റെ പിതാവ് മുഹമ്മദ് ഗൗസ്(53) അന്തരിച്ചു.  ശ്വാസകോശ രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമുള്ള സിറാജ് വെള്ളിയാഴ്ച നടന്ന പരിശീലന സെഷനുശേഷമാണ് പിതാവിന്‍റെ മരണവാര്‍ത്ത അറിഞ്ഞത്. ക്യാപ്റ്റന്‍ വിരാട് കോലിയും കോച്ച് രവി ശാസ്ത്രിയുമാണ് പിതാവിന്‍റെ മരണവാര്‍ത്ത സിറാജിനെ അറിയിച്ചത്.

ഓസ്ട്രേലിയയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായതിനാല്‍ പിതാവിന്‍റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി സിറാജിന് ഇന്ത്യയിലെത്താനാവില്ല. രാജ്യത്തിന്‍റെ അഭിമാനമാവണമെന്നാണ് പിതാവ് തന്നോട് എപ്പോഴും പറയാറുള്ളതെന്നും അദ്ദേഹത്തിന്‍റെ ആഗ്രഹംപോലെ അതിനായി പരിശ്രമിക്കുമെന്നും സിറാജ് സ്പോര്‍ട്സ് സ്റ്റാറിനോട് പറഞ്ഞു. തന്‍റെ ക്രിക്കറ്റ് കരിയര്‍ മുന്നോട്ടുകൊണ്ടുപോകാനായി പിതാവ് അനുഭവിച്ച കഷ്ടപ്പാടുകള്‍ തനിക്ക് നന്നായി അറിയാമെന്നും ഓട്ടോറിക്ഷ ഓടിച്ചാണ് അദ്ദേഹം കുടുബത്തെ നോക്കിയിരുന്നതെന്നും സിറാജ് പറഞ്ഞു. 

പിതാവിന്‍റെ മരണവാര്‍ത്ത ഞെട്ടിച്ചുവെന്നും തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയെയാണ് നഷ്ടമായതെന്നും സിറാജ് വ്യക്തമാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സിറാജ് രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ് റെക്കോര്‍ഡിട്ടിരുന്നു. ഇതിന് തൊട്ട് മുന്‍ ദിവസമാണ് ഗൗസിനെ അസുഖം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

എന്നാല്‍ കൊല്‍ക്കത്തയുമായുള്ള മത്സരം പൂര്‍ത്തിയായശേഷം വീട്ടിലേക്ക് വിളിച്ചപ്പോള്‍ പിതാവ് ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതായി അറിഞ്ഞുവെന്നും അതില്‍ സന്തോഷമുണ്ടെന്നും സിറാജ് പറഞ്ഞിരുന്നു. ഐപിഎല്ലില്‍ സിറാജ് പുറത്തെടുത്ത അത്ഭുത ബൗളിംഗിനുശേഷം നിരവധിയാളുകള്‍ തന്നെ വിളിച്ച് സന്തോഷം പങ്കിട്ട വിവരവും പിതാവ് തന്നോട് പങ്കുവെച്ചുവെന്നും സിറാജ് പറഞ്ഞിരുന്നു.