സിഡ്നി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെയും വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ പ്രത്യേക തന്ത്രങ്ങളൊരുക്കിയിട്ടുണ്ടെന്ന് ചേതേശ്വര്‍ പൂജാര. ഓസ്ട്രേലിയയില്‍ എങ്ങനെ പന്തെറിയണമെന്ന് ഇഷാന്തിനും ബുമ്രക്കും ഷമിക്കും ഉമേഷിനുമെല്ലാം അറിയാം. അവര്‍ ഇതിന് മുമ്പ് അത് തെളിയിച്ചിട്ടുമുണ്ട്.

അതുകൊണ്ടുതന്നെ സ്മിത്തിനും വാര്‍ണര്‍ക്കും ലാബുഷെയ്നുമെതിരെ തന്ത്രങ്ങളൊരുക്കി തന്നെയാണ് അവര്‍ ഇത്തവണയും പന്തെറിയാനെത്തുന്നത്. അവര്‍ക്കെതിരായ പദ്ധതികള്‍ വിജയകരമായി നടപ്പാക്കാനായാല്‍ ഓസ്ട്രേലിയയില്‍ വീണ്ടും ഇന്ത്യക്ക് പരമ്പര  സ്വന്തമാക്കാനാകുമെന്നും പൂജാര പറഞ്ഞു.

2018ല്‍ നേരിട്ടതിനേക്കാള്‍ കരുത്തുറ്റ ബാറ്റിംഗ് നിരയാണ് ഇത്തവണ ഓസ്ട്രേലിയക്കുള്ളത്. അതുകൊണ്ടുതന്നെ വിജയം എളുപ്പമാവില്ല. പക്ഷെ വിദേശത്ത് ജയിക്കണമെങ്കില്‍ കഠിനാധ്വാനം കൂടിയെ തീരു. കഴിഞ്ഞ പരമ്പരയിലേതുപോലെ ഇഷാന്ത്, ബുമ്ര, ഷമി ത്രയത്തിന് ഓസ്ട്രേലിയയില്‍ ഇത്തവണയും അത്ഭുതങ്ങള്‍ കാട്ടാനാകുമെന്നും പൂജാര പറഞ്ഞു.

സ്മിത്തും വാര്‍ണറും ലാബുഷെയ്നുമെല്ലാം മികവുറ്റ ബാറ്റ്സ്മാന്‍മാരാണെന്നതില്‍ സംശയമില്ല. പക്ഷെ കഴിഞ്ഞ പരമ്പരയിലേതുപോലെ ഇന്ത്യന്‍ പേസര്‍മാര്‍ പന്തെറിഞ്ഞാല്‍ വിജയം ഇന്ത്യയുടേതാകും. കഴിഞ്ഞ പരമ്പരയില്‍ 523 റണ്‍സടിച്ച് പരമ്പരയുടെ താരമായത് പൂജാരയായിരുന്നു.