രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാന്‍ തന്നെയാകും കെ എല്‍ രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. അവസാനം കളിച്ച 12 ടി20 മത്സരങ്ങളില്‍ 272 റണ്‍സ് മാത്രമാണ് ധവാന്റെ സമ്പാദ്യം.

ഇന്‍ഡോര്‍: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇന്‍ഡോറില്‍ നടക്കും. ആദ്യ മത്സരം മഴമൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു. പരമ്പര നേടണമെങ്കില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളം ജയിക്കണം. ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റം വരുത്താന്‍ കോലി തയാറാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നക്. ഇന്ത്യയുടെ സാധ്യതാ ടീം.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാന്‍ തന്നെയാകും കെ എല്‍ രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. അവസാനം കളിച്ച 12 ടി20 മത്സരങ്ങളില്‍ 272 റണ്‍സ് മാത്രമാണ് ധവാന്റെ സമ്പാദ്യം. ശ്രീലങ്കക്കെതിരായ പരമ്പരയില്‍ തിളങ്ങാനായില്ലെങ്കില്‍ ധവാന്റെ ടി20 ടീമിലെ സ്ഥാനം തന്നെ സംശയത്തിലാകും. മറുവശത്ത് ഓപ്പണറെന്ന നിലയില്‍ സ്ഥാനം ഉറപ്പിക്കാനാണ് രാഹുല്‍ ഇറങ്ങുന്നത്.

ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാകും മൂന്നാം നമ്പറില്‍. മികച്ച തുടക്കം ലഭിച്ചില്ലെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പരീക്ഷിച്ച് വിജയിച്ച ശിവം ദുബെയെ മൂന്നാം നമ്പറില്‍ ഇറക്കാനും സാധ്യയതയുണ്ട്. ശ്രേയസ് അയ്യര്‍ നാലാമനായി എത്തുമ്പോള്‍ ഋഷഭ് പന്ത് അഞ്ചാമനായി ക്രീസിലെത്തും.

ഓള്‍ റൗണ്ടര്‍മാരായി ശിവം ദുബെയും വാഷിംഗ്ടണ്‍ സുന്ദറും തന്നെയാകും അന്തിമ ഇലവനിലെത്തുക. കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, നവദീപ് സെയ്നി, ശര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ മത്സരത്തിലെ സൂചനകള്‍ കണക്കിലെടുത്താല്‍ മലയാളി താരം സ‍ഞ്ജു സാംസണ്‍ ഇത്തവണയും ഡഗ് ഔട്ടിലിരിക്കും.