സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓപ്പണറുടെ റോളില്‍ സഞ്ജുവിനെ കാണാനാകുമെന്നാണ് സൂചന.

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. രാത്രി എട്ടിന് ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഒരു ടി20 കളിക്കാനിറങ്ങുന്നത്. ദുര്‍ബലരായ യു എ ഇയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ജയത്തേക്കാള്‍ ഞായറാഴ്ചത്തെ പാകിസ്ഥാനെതിരായ വമ്പന്‍ പോരാട്ടം ആയിരിക്കും സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും മനസ്സില്‍. അതിനോടൊപ്പം തന്നെ മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമോ എന്നുള്ളത് ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ആരാകും ഇന്ത്യയുടെ ഓപ്പണര്‍ എന്ന ചോദ്യത്തിന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല. സഞ്ജു സാംസണ്‍ ഓപ്പണ്‍ ചെയ്യുമോ എന്ന ചോദ്യത്തിന് സാര്‍, പ്ലേയിംഗ് ഇലവന്‍ ഞാന്‍ താങ്കള്‍ക്ക് മെസേജ് ചെയ്ത് തരാമെന്നായിരുന്നു സൂര്യയുടെ തമാശകലര്‍ന്ന മറുപടി. സഞ്ജു ഓപ്പണറായി ടീമിലുണ്ടാവുമോ എന്ന ചോദ്യത്തിന് ഞങ്ങളവനെ നല്ലപോലെ നോക്കുന്നുണ്ട്, ഒരു ആശങ്കയും വേണ്ട, നാളെ ഞങ്ങള്‍ ശരിയായ തീരുമാനമെടുക്കുമെന്നും സൂര്യകുമാര്‍ മറുപടി നല്‍കി.

എന്നാല്‍ ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ പുറത്തിരുത്താന്‍ കോച്ച് ഗൗതം ഗംഭീര്‍ തയാറായേക്കില്ലെന്നാണ് സൂചന. ദുര്‍ബലരായ എതിരാളികളാണ് യുഎഇ എങ്കിലും ബുധനാഴ്ചയിലെ മത്സരത്തില്‍ ശക്തമായ പ്ലേയിംഗ് ഇലവനെ തന്നെ ഇറക്കാന്‍ ഇന്ത്യ തയാറായേക്കുമെന്നാണ് കരുതുന്നത്. കാരണം, 14ന് നടക്കുന്ന അടുത്ത മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികളെന്നതിനാല്‍ ഇന്ത്യ അധികം പരീക്ഷണങ്ങള്‍ക്ക് തയാറായേക്കില്ല. സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും ഓപ്പണര്‍മാരായി നിലനിര്‍ത്തി ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനുള്ള സാധ്യതയാണ് മുന്നിലുളളത്.

തിലക് വര്‍മ ഐസിസി ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരനാണെങ്കിലും ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ലെന്നത് ഒരുപക്ഷെ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനുള്ള സാധ്യത കൂട്ടുന്നു. കേരള ക്രിക്കറ്റ് ലീഗിലും സഞ്ജു ഓപ്പണറായി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഗില്‍ മൂന്നാം നമ്പറിലെത്തിയാല്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാമനായും ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാനമനായും ക്രീസിലെത്തും. ദുബായിലെത്തിയശേഷമുള്ള ഇന്ത്യയുടെ പരിശീലന സെഷനുകള്‍ നോക്കിയാല്‍ റിങ്കു സിംഗും ഫിനിഷറായി പ്ലേയിംഗ് ഇലവനില്‍ കളിക്കും.

ഏഴാം നമ്പറില്‍ അക്‌സര്‍ പട്ടേല്‍ എത്തുമ്പോള്‍ കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി സ്പിന്‍ ദ്വയമയാരിക്കും ഇന്ത്യയുടെ സ്പിന്‍ വിഭാഗത്തില്‍. പേസര്‍മാരായി അര്‍ഷ്ദീപ് സിംഗിനെ ഇന്ത്യ ടീമിലെടുക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിലുണ്ടായിരുന്നെങ്കിലും അര്‍ഷ്ദീപ് ഒരു മത്സരത്തില്‍ പോലും കളിച്ചിരുന്നില്ല. എതിരാളികള്‍ യുഎഇ ആണെന്നതിനാല്‍ ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഹര്‍ഷിത് റാണ യുഎഇക്കെതിരെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത.

YouTube video player