Asianet News MalayalamAsianet News Malayalam

ഹാര്‍ദ്ദിക് പുറത്തുതന്നെ, ബൗളിംഗ് നിരയില്‍ വീണ്ടും മാറ്റത്തിന് സാധ്യത; ഇംഗ്ലണ്ടിനെിരെ ഇന്ത്യയുടെ സാധ്യതാ ടീം

ലഖ്നൗവിലെ പിച്ച് സ്പിന്നിനെ തുണക്കുമെന്നതും സ്പിന്നര്‍മാര്‍ക്കെതിരെ ഇംഗ്ലീഷ് ബാറ്റര്‍മാരുടെ റെക്കോര്‍ഡും കണക്കിലെടുത്ത് നാലെ മൂന്ന് സ്പിന്നറും രണ്ട് പേസറുമെന്ന ബൗളിംഗ് കോംബിനേഷന്‍ ഇന്ത്യ തെരഞ്ഞെടുത്താല്‍ അത്ഭുതമില്ല.

India Probable Playing XI vs England in World Cup Cricket gkc
Author
First Published Oct 28, 2023, 5:28 PM IST

ലഖ്നൗ: ലോകകപ്പില്‍ ആറാം ജയവും സെമി ഫൈനല്‍ ബര്‍ത്തും ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റങ്ങളായിരിക്കും ഉണ്ടാകുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ധരംശാലയില്‍ ന്യൂസിലന്‍‍ഡിനെ തകര്‍ത്ത ടീമില്‍  ചില മാറ്റങ്ങള്‍ക്ക് നാളെ സാധ്യതയുണ്ടെന്നാണ് സൂചന.

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാളെയും കളിക്കാനുണ്ടാകില്ല. ഹാര്‍ദ്ദിക്കിന്‍റെ അഭാവം ടീം സന്തുലനത്തെ ബാധിക്കുന്നുണ്ടെങ്കിലും ഇന്ത്യക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. നാളെ ഇംഗ്ലണ്ടിനെതിരെയും അഞ്ച് ബൗളര്‍മാരുമായിട്ടായിരക്കും ഇന്ത്യ ഇറങ്ങുക എന്നു തന്നെയാണ് സൂചന.

ലഖ്നൗവിലെ പിച്ച് സ്പിന്നിനെ തുണക്കുമെന്നതും സ്പിന്നര്‍മാര്‍ക്കെതിരെ ഇംഗ്ലീഷ് ബാറ്റര്‍മാരുടെ റെക്കോര്‍ഡും കണക്കിലെടുത്ത് നാലെ മൂന്ന് സ്പിന്നറും രണ്ട് പേസറുമെന്ന ബൗളിംഗ് കോംബിനേഷന്‍ ഇന്ത്യ തെരഞ്ഞെടുത്താല്‍ അത്ഭുതമില്ല. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇറങ്ങുന്നതെങ്കില്‍ ആര്‍ അശ്വിന്‍ വീണ്ടും പ്ലേയിംഗ് ഇലവനിലെത്തും. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ മാത്രമാണ് അശ്വിന്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ചത്.

അഞ്ച് മാസമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം കളിക്കുന്നത് പ്രതിഫലമില്ലാതെ; വെളിപ്പെടുത്തലുമായി മുന്‍ നായകന്‍

ധരംശാലയില്‍ ന്യൂസിലന്‍ഡിനെതിരെ അഞ്ചു വിക്കറ്റ് വീഴ്ത്തി തിളങ്ങിയ മുഹമ്മദ് ഷമിയെ ഒഴിവാക്കാനാവില്ല എന്നതിനാല്‍ മുഹമ്മദ് സിറാജ് ആകും അശ്വിന്‍ തിരിച്ചെത്തുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക എന്നാണ് കരുതുന്നത്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പേസാക്രമണം നയിക്കുമ്പോള്‍ രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍ എന്നിവരാകും സ്പിന്‍ നിരയിലുണ്ടാകുക. ബാറ്റിംഗ് നിരയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല.  ഓപ്പണിംഗില്‍ ശുഭ്മാന്‍ ഗില്‍ പതിവ് ഫോമിലേക്ക് എത്തിയിട്ടില്ലെങ്കിലും ഗില്ലും രോഹിത്തും കോലിയും ശ്രേയസും തന്നെയാകും ടോപ് ഫോറില്‍. രാഹുലും സൂര്യകുമാറുമാകും തുടര്‍ന്നിറങ്ങുക.

രണ്ട് സ്പിന്നര്‍മാരുമായി തുടരാനാണ് തീരുമാനമെങ്കില്‍ അശ്വിന്‍ നാളെ പുറത്താകും. ഇന്ത്യയുടെ പരിശീലന സെഷനില്‍ സൂര്യകുമാര്‍ യാദവും ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരുമെല്ലാം ബൗളിംഗ് പരിശീലനം നടത്തിയത് ഇതിന്‍റെ സൂചനയാണെന്ന വിലയിരുത്തലുമുണ്ട്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios