ദുബായ്: 2021 ഐസിസി വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യക്ക് നേരിട്ടുള്ള യോഗ്യത. ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര ഉപേക്ഷിച്ചതോടെയാണ് ടീമിന്  ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ- നവംബര്‍ മാസത്തിനിടെയാണ് പരമ്പര നടത്തേണ്ടിയിരുന്നത്. എന്നാല്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും കിണഞ്ഞ് ശ്രമിച്ചിട്ടും പരമ്പര നടത്താന്‍ സാധിച്ചില്ല. ഇതോടെ പോയിന്റ് പങ്കിടാന്‍ ഐസിസി ടെക്കനിക്കല്‍ കമ്മിറ്റി തീരുമാനിച്ചു.

ഇതോടെ ഇന്ത്യയും ലോകകപ്പിന് യോഗ്യത നേടുകയായിരുന്നു. ആതിഥേയരായ ന്യൂസിലന്‍ഡിനൊപ്പം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് നേരിട്ട് യോഗ്യത നേടിയ മറ്റുടീമുകള്‍.  പോയിന്റുകള്‍ തുല്യമായി വീതിച്ചതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. 

ഇരു ബോര്‍ഡുകളും ഇത്തരമൊരു തീരുമാനിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് 20ഉം പാകിസ്ഥാന് 16 പോയിന്റുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ തലത്തിലുള്ള അനുമതി ലഭിക്കാത്തിനാല്‍ പരമ്പര നടന്നില്ല. ഇതോടെ ഇരുവരും പോയിന്റ് പങ്കിട്ടു.