Asianet News MalayalamAsianet News Malayalam

കൂടുതല്‍ താരങ്ങൾക്ക് വിശ്രമം, ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇനി 13 പേര്‍ മാത്രം

മൂന്നാം ഏകദിനത്തില്‍ പകരം ഫീല്‍ഡര്‍മാരെ ആവശ്യം വന്നാല്‍ സൗരാഷ്ട്ര ടീമിലെ പ്രാദേശിക കളിക്കാരെ ഗ്രൗണ്ടിലിറക്കാനുള്ള സാധ്യതയുമുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ 2-0ന് മുന്നിലാണ്.

India rested more players before 3rd ODI vs Australia at Rajkot gkc
Author
First Published Sep 26, 2023, 5:38 PM IST

രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു. രണ്ടാം ഏകദിനത്തിനുശേഷം ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ഇവര്‍ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ മടങ്ങിയെത്തുമെന്നായിരുന്നു കരുതിയിരുന്നത്.

എന്നാല്‍ നാളെ നടക്കുന്ന മൂന്നാം ഏകദിനത്തിനുള്ള ടീമിലുള്ള പേസര്‍ മുഹമ്മദ് ഷമി, ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് കൂടി ഇന്ന് വിശ്രമം അനുവദിച്ചതോടെ ഇന്ത്യന്‍ ടീമില്‍ അവശേഷിക്കുന്ന താരങ്ങളുടെ എണ്ണം 13 ആയി. ഇവരില്‍ നിന്നാവും നാളെ അന്തിമ ഇലവനെ തെരഞ്ഞെടുക്കുക. അവസാന ഏകദിനത്തിനുള്ള ടീമിലുണ്ടായിരുന്ന അക്സര്‍ പട്ടേലിനെ പരിക്കുമൂലം നേരത്തെ ഒഴിവാക്കിയിരുന്നു.

ഇന്ത്യക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല; ഓസ്ട്രേലിയക്കെതിരെ നാളെ ജയിച്ചാല്‍ അത് ചരിത്രം

ഷാര്‍ദ്ദുല്‍ ഠാക്കൂറിന് പുറമെ മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചതോടെ നാളത്തെ മത്സരത്തില്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മുകേഷ് കുമാറും മാത്രമാണ് 13 അംഗ ടീമില്‍ അവശേഷിക്കുന്നത്. ഇതില്‍ സിറാജും ബുമ്രയും നാളെ പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നാണ് കരുതുന്നത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും ആര്‍ അശ്വിനും പ്ലേയിംഗ് ഇലവനിലെത്തിയാല്‍ 12 അംഗ ടീമില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ മാത്രമാകും പുറത്തിരിക്കുക. ഏഷ്യന്‍ ഗെയിംസ് ടീമിലും ഉള്‍പ്പെട്ട വാഷിംഗ്ടണ്‍ സുന്ദറും മുകേഷ് കുമാറും മൂന്നാം ഏകദിനത്തിനുശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചൈനയിലേക്ക് പോകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഒക്ടോബര്‍ മൂന്നിനാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മത്സരമെന്നതിനാല്‍ ഇരുവരുടെയും യാത്ര നീട്ടാനും സാധ്യതയുണ്ട്.

രണ്ടാം ഏകദിനത്തില്‍ കളിച്ച പ്രസിദ്ധ് കൃഷ്ണ നേരത്തെ പ്രഖ്യാപിച്ച മൂന്നാമത്തെ ഏകദിനത്തിനുള്ള ടീമിലില്ല. രണ്ടാം ഏകദിനത്തില്‍ ബുമ്രയുടെ ബാക്ക് അപ്പായി ടീമിലെത്തിയ പേസര്‍ മുകേഷ് കുമാറും ടീമിനൊപ്പമുണ്ട്. മൂന്നാം ഏകദിനത്തില്‍ പകരം ഫീല്‍ഡര്‍മാരെ ആവശ്യം വന്നാല്‍ സൗരാഷ്ട്ര ടീമിലെ പ്രാദേശിക കളിക്കാരെ ഗ്രൗണ്ടിലിറക്കാനുള്ള സാധ്യതയുമുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ 2-0ന് മുന്നിലാണ്.

ലോകകപ്പിന് മുമ്പ് ശുഭ്മാന്‍ ഗില്ലിന് ഒന്നാം റാങ്കിലെത്താനാവില്ല, ലോകകപ്പിലും ബാബര്‍ തന്നെ നമ്പര്‍ വണ്‍

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം ഇവരില്‍ നിന്ന്: മൂന്നാം രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ആർ അശ്വിൻ, ജസ്പ്രീത് ബുമ്ര, മൊഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios