മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരമ്പര ഓഗസ്റ്റ് മൂന്നിനാണ് തുടങ്ങുന്നത്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് പരമ്പര.

ഇന്ന് ചേരാനിരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗം അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന് പകരം ബിസിസിഐ സെക്രട്ടറിയാണ് ഇനിമുതല്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തിന്റെ അധ്യക്ഷത വഹിക്കേണ്ടതെന്ന ഇടക്കാല ഭരണസിമിതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് അവസാന നിമിഷം യോഗം മാറ്റിയത്.

ഇതിനു പുറമെ ക്യാപ്റ്റന്‍ വിരാട് കോലിയ്ക്ക് പങ്കെടുക്കാനുള്ള സൗകര്യവും കളിക്കാരുടെ ശാരീരികക്ഷമതാ റിപ്പോര്‍ട്ട് കിട്ടാന്‍ ശനിയാഴ്ച വൈകിട്ടാവുമെന്നതും കൂടി കണക്കിലെടുത്തിരുന്നു. എം എസ് ധോണി കളിക്കുമോ എന്നതിനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടുമില്ല. ക്യാപ്റ്റന്‍ വിരാട് കോലി അടക്കമുള്ളവര്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കളിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു.