Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഇന്ത്യ- ഏകദിന പരമ്പര നേരില്‍ കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് കനത്ത തിരിച്ചടി

ഐപിഎല്ലിന് പിന്നാലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയേക്കും. കൊവിഡ് 19 കായിക ലോകത്തേയും ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം
 

India-SA series could be played without spectators
Author
Mumbai, First Published Mar 12, 2020, 5:05 PM IST

മുംബൈ: ഐപിഎല്ലിന് പിന്നാലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയേക്കും. കൊവിഡ് 19 കായിക ലോകത്തേയും ആശങ്കയിലാഴ്ത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. നേരത്തെ ഐപിഎല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ കേന്ദ്രമന്ത്രി കിരണ റിജിജു നിര്‍ദേശിച്ചിരുന്നു. ധര്‍മശാലയിലെ ഇന്നത്തെ മത്സരം കൂടാതെ രണ്ട് ഏകദിനങ്ങലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ബാക്കിയുള്ളത്. 15ന് ലഖ്‌നൗവിലും 18ന് കൊല്‍ക്കത്തയിലുമാണ് അടുത്ത ഏകദിനങ്ങള്‍.

ഐപിഎല്ലിന്റെ കാര്യത്തില്‍ ശനിയാഴ്ച യോഗം ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രിയുടെ നിര്‍ദേശം. നേരത്തെ കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താന്‍ തയാറാവുകയാണെങ്കില്‍ മാത്രം മത്സരങ്ങള്‍ക്ക് അനുമതി നല്‍കാമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കാണമെന്ന് കര്‍ണാടക സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഒമ്പത് സംസ്ഥാനങ്ങളിലായി 60 ഐപിഎല്‍ മത്സരങ്ങളാണ് നടക്കേണ്ടത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്താനിടയുണ്ടെന്നാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തല്‍.

ഐപിഎല്‍ ആദ്യഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായിരുന്നു. ഏപ്രില്‍ 15വരെ സന്ദര്‍ശക വിസ അപേക്ഷകളെല്ലാം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൊവിഡ് 19 ആശങ്കക്കിടയിലും വിരമിച്ച താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന റോഡ് സേഫ്റ്റി സീരീസീന് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇനിയുള്ള മത്സരങ്ങള്‍ കാണികള്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കുകയില്ല.

അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍ബിഎ മത്സരങ്ങളെല്ലാം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. എന്‍ബിഎ താരങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തീരുമാനം. ഫുട്ബോളില്‍ സീരി എ മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ നേരത്തെ തീരുമാനമായിരുന്നു.

Follow Us:
Download App:
  • android
  • ios