സച്ചിനെയും കോടിക്കണക്കിന് ആരാധകരെയും കരുതി ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരേണ്ടത് ഇന്ത്യൻ സർക്കാരിന്റെയും ബിസിസിഐയുടെയും കടമയാണ്– ഡിസിൽവ
കൊളംബോ: 2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഒത്തുകളിയായിരുന്നുവെന്ന ശ്രീലങ്കന്‍ മുന്‍ കായികമന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി മുന്‍ ശ്രീലങ്കന്‍ താരം അരവിന്ദ ഡിസില്‍വ. ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ കരുതിയെങ്കിലും ഈ വിഷയത്തിൽ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോടും, ഇന്ത്യ–ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളോടും ഡിസിൽവ ആവശ്യപ്പെട്ടു. 2011ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന ഡിസിൽവ.
1996ലെ ഏകദിന ലോകകപ്പ് ജയം ഞങ്ങൾ ശ്രീലങ്കക്കാർ അമൂല്യമായി കരുതുന്നതുപോലെ സച്ചിൻ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും ആരാധകരും ഹൃദയത്തോട് ചേർത്തുവയ്ക്കുന്നതാണ് 2011 ലോകകപ്പില്‍ ഇന്ത്യ നേടിയ ജയം. അതുകൊണ്ടുതന്നെ സച്ചിനെയും കോടിക്കണക്കിന് ആരാധകരെയും കരുതി ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരേണ്ടത് ഇന്ത്യൻ സർക്കാരിന്റെയും ബിസിസിഐയുടെയും കടമയാണ്– ഡിസിൽവ പറഞ്ഞു.

ഇന്ത്യ–ശ്രീലങ്ക ഫൈനലിനുള്ള ലങ്കൻ ടീമിൽ ഡിസില്‍വയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി നാലു മാറ്റങ്ങൾ വരുത്തിയത് ചർച്ചാവിഷയമായിരുന്നു. എന്നാല്‍ ടീമിനെ തിരഞ്ഞെടുക്കുന്നതിൽ ചട്ടപ്രകാരമുള്ള നടപടികളാണ് ഞങ്ങൾ കൈക്കൊണ്ടത്. ടീമിനെ തിരഞ്ഞെടുക്കുന്നത് സിലക്ടർമാർ ഒറ്റയ്ക്കല്ല. പരിശീലകൻ, ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ, ചില സമയത്തെങ്കിലും ടീമിലെ മുതിർന്ന താരങ്ങൾ, മാനേജർ, ബോർഡ് സെക്രട്ടറി തുടങ്ങിയവരെല്ലാം ടീം തിരഞ്ഞെടുപ്പിന് സന്നിഹിതരാണ്.
ഇതിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട് എത്തുന്ന മുതിർന്ന താരങ്ങൾ ഒഴികെയുള്ളവർ ടീം തിരഞ്ഞെടുപ്പിനോട് യോജിച്ച് ഔദ്യോഗികമായി ഒപ്പിട്ടു നൽകാറുമുണ്ട്. അതുകൊണ്ടുതന്നെ ഒത്തുകളി ആരോപണങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. അദ്ദേഹത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കിൽത്തന്നെ ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിനെ സമീപിക്കാമല്ലോയെന്നും ഡിസിൽവ പറഞ്ഞു.

ഫൈനലിന് മുമ്പ് എയ്ഞ്ചലോ മാത്യൂസ് പരുക്കുമൂലം പുറത്തായതിനു പിന്നാലെയാണ് ടീം മാനേജ്മെന്റിന്റെ അനുമതിയോടെ സെലക്ഷന്‍ കമ്മിറ്റി ഫൈനലിനുള്ള ലങ്കയുടെ അന്തിമ ഇലവനില്‍ നാലു മാറ്റങ്ങൾ വരുത്തിയത്. ചമര സിൽവയ്ക്കു പകരം ചമര കപുഗദേര, അജാന്ത മെൻഡിസിനു പകരം സൂരജ് രൺദീവ്, രംഗണ ഹെറാത്തിനു പകരം നുവാൻ കുലശേഖര, മാത്യൂസിനു പകരം തിസാര പെരേര എന്നിവരെയാണ് കളത്തിലിറക്കിയത്.
2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കായികമന്ത്രി ഡള്ളാസ് അലാഹ്പെരുമ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിട്ടപ്പോള്‍ അലുത്ഗമേജ് ആയിരുന്നു ശ്രീലങ്കയുടെ കായിക മന്ത്രി. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ മന:പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നായിരുന്നു മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണം. ശ്രീലങ്കന്‍ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെയാണ് മഹിന്ദാനന്ദ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

"ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു. ലങ്കയാണ് ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റു. ഇതിപ്പോള്‍ എനിക്ക് പറയാമെന്ന് തോന്നി. ഒരു താരത്തെയും ഈ ഒത്തുകളിയുമായി ഞാന്‍ ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുപ്പിന് ഇതില്‍ പങ്കുണ്ട്. ഈ കോഴയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല.'' അദ്ദേഹം പറഞ്ഞു.
കായികമന്ത്രിയുടെ ആരോപണങ്ങള്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍മാരും ലോകകപ്പ് ടീം അംഗങ്ങളുമായിരുന്ന മഹേല ജയവര്‍ധനെയും കുമാര്‍ സംഗക്കാരയും തള്ളിക്കളഞ്ഞിരുന്നു. വെറുതെ ആരോപണം ഉന്നയിക്കാതെ തെളിവുകള്‍ർ പുറത്തുവിടാനും ഇരുവരും കായികമന്ത്രിയെ വെല്ലുവിളിച്ചിരുന്നു.
ഫൈനലില്‍ കമന്റേറ്ററായിരുന്നു ശ്രീലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയും മത്സരം ഒത്തുകളിയാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മുമ്പ് പറഞ്ഞിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49-ാംം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.
