ബാറ്റർമാരില്‍ ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു ഒരു സ്ഥാനമുയർന്ന് കരിയറിലെ ഏറ്റവും മികച്ച ഏഴാം പൊസിഷനിലെത്തി
ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 വനിതാ റാങ്കിംഗില്‍(ICC Women's T20I Rankings) നേട്ടമുണ്ടാക്കി ഇന്ത്യയുടെ ഇടംകൈയന്‍ സ്പിന്നർ രാധ യാദവ്(Radha Yadav). ശ്രീലങ്കയ്ക്ക് എതിരെ അവസാനിച്ച പരമ്പരയില്‍ നാല് വിക്കറ്റ് നേടിയ രാധ ഏഴ് സ്ഥാനങ്ങളുയർന്ന് 13-ാമതെത്തി. അതേസമയം ബാറ്റിംഗില്‍ സ്‍മൃതി മന്ഥാന(Smriti Mandhana) നാലും ജെമീമ റോഡ്രിഗസ്(Jemimah Rodrigues) 14ഉം ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ(Harmanpreet Kaur) 18ഉം സ്ഥാനങ്ങള്‍ നിലനിർത്തി.
ബാറ്റർമാരില്‍ ലങ്കന്‍ ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു ഒരു സ്ഥാനമുയർന്ന് കരിയറിലെ ഏറ്റവും മികച്ച ഏഴാം പൊസിഷനിലെത്തി. മൂന്ന് മത്സരങ്ങളില്‍ 139 റണ്‍സോടെയാണ് ചമാരിയുടെ നേട്ടം. ദാംബുള്ളയില്‍ നടന്ന അവസാന ടി20യില്‍ ചമാരി പുറത്താകാതെ 80 റണ്‍സെടുത്തിരുന്നു. ഓൾറൗണ്ടർമാരുടെ പട്ടികയില്‍ ചമാരി രണ്ട് സ്ഥാനങ്ങളുയർന്ന് ഏഴാമതെത്തിയതും ശ്രദ്ധേയമാണ്.
ബൗളർമാരില്‍ ഇന്ത്യയുടെ പൂജ വസ്ത്രകർ 32-ാമതെത്തി. രേണുക ഠാക്കൂർ 97ലെത്തിയതും റാങ്കിംഗില്‍ ഇന്ത്യക്ക് നേട്ടമായി. ലങ്കയ്ക്കെതിരായ പരമ്പരയില്‍ രണ്ട് വിക്കറ്റ് വീതമാണ് പൂജയും രേണുകയും നേടിയത്. അതേസയം അഞ്ച് വിക്കറ്റുമായി ലങ്കയുടെ ഒസഡി രണസിംഹെ 11 സ്ഥാനങ്ങള്‍ ഉയർന്ന് 26-ാമതെത്തി. പരമ്പരയിലെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരിയായ(6) ഇനോക രണവീര 16 സ്ഥാനം കുതിച്ച് 47-ാമതെത്തിയതും നേട്ടമാണ്.
IRE vs IND : ഇന്ത്യയുടെ പരമ്പര മോഹങ്ങള്‍ വെള്ളത്തിലാക്കുമോ മഴ? ഡബ്ലിനിലെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ
