ശ്രേയസിന്‍റെ പരിക്ക്, സഞ്ജു തിരിച്ചെത്തുമോ; ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീം ഈ ആഴ്ച
ശ്രേയസിന് കളിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാലും ബാക്ക് അപ്പായി സൂര്യകുമാര്‍ യാദവ് ഏഷ്യാ കപ്പ് ടീമിലും ലോകകപ്പ് ടീമിലുമുണ്ട്. കെ എല്‍ രാഹുലും ഇഷാന്‍ കിഷനും പ്ലേയിംഗ് ഇലവനില്‍ ഒരുമിച്ച് കളിക്കുന്ന സാഹചര്യത്തില്‍ ശ്രേയസിന്‍റെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നാണ് കരുതുന്നത്.

മുംബൈ: ഏഷ്യാ കപ്പിന് പിന്നാലെ ലോകകപ്പിന് തൊട്ടു മുമ്പ് നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കും. ഏഷ്യാ കപ്പ് ടീമിലെയും ലോകകപ്പിനായി പ്രഖ്യാപിച്ച 15 അംഗ ടീമിലെയും ഭൂരിഭാഗം താരങ്ങളും ഓസീസിനെതിരായ ഏകദിന പരമ്പരക്കുളള ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ലോകകപ്പ് ടീമിലും ഏഷ്യാ കപ്പ് ടീമിലുമുള്ള ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ മലയാളി താരം സഞ്ജു സാംസണെയോ ഏഷ്യാ കപ്പ് ടീമിലുള്ള യുവതാരം തിലക് വര്‍മയെയോ ഓസീസിനെതിരായ പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുന്നോടിയായി ശ്രേയസ് ഇന്ന് ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയെങ്കിലും ഇടക്കിടെ പരിക്കേല്‍ക്കുന്നതില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന് ആശങ്കയുണ്ട്.
ശ്രേയസിന് കളിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാലും ബാക്ക് അപ്പായി സൂര്യകുമാര്‍ യാദവ് ഏഷ്യാ കപ്പ് ടീമിലും ലോകകപ്പ് ടീമിലുമുണ്ട്. കെ എല്‍ രാഹുലും ഇഷാന്‍ കിഷനും പ്ലേയിംഗ് ഇലവനില്‍ ഒരുമിച്ച് കളിക്കുന്ന സാഹചര്യത്തില്‍ ശ്രേയസിന്‍റെ അഭാവം ഇന്ത്യയെ ബാധിക്കില്ലെന്നാണ് കരുതുന്നത്.
അതേസമയം, ഇഷാന്‍ കിഷനും കെ എല്‍ രാഹുലും വിക്കറ്റ് കീപ്പര്‍ സ്ഥാനവും അതുപോലെ പ്ലേയിംഗ് ഇലവനിലെ സ്ഥാനവും ഉറപ്പിച്ചതിനാല്‍ സഞ്ജു ടീമിലെത്താനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ശ്രേയസിന് വിശ്രമം അനുവദിച്ചാല്‍ തന്നെ ഇടം കൈയന്‍ ബാറ്ററെന്ന നിലയില്‍ മധ്യനിരയില്‍ തിലക് വര്‍മക്കായിരിക്കും കൂടുതല്‍ സാധ്യതയെന്നും വിലയിരുത്തലുണ്ട്. തിലക് വര്‍മ ഏഷ്യാ കപ്പ് ടീമിലുണ്ട്. കെ എല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ ഏഷ്യാ കപ്പ് ടീമിലെ ട്രാവലിംഗ് സ്റ്റാന്‍ഡ് ബൈ ആയ സഞ്ജുവിനെ തിരിച്ചയിച്ചിരുന്നു. സഞ്ജുവിപ്പോള്‍ യുഎഇയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്.
ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ ലോകക ടീമില്‍ മാറ്റം വരുത്താനോ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാനോ ഇനി സെലക്ടര്‍മാര്‍ മുതിര്‍ന്നേക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലോകകപ്പിന് മുമ്പ് പരീക്ഷണങ്ങള്‍ക്കുള്ള അവസാന അവസരമായാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയെ കാണുന്നതെങ്കിലും സെറ്റായ ടീമില്‍ മാറ്റങ്ങള്‍ക്കുള്ള സാധ്യത വിരളമാണ്.ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഈ മാസം 22നാണ് തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക