ഇര്‍ഫാന്‍ പത്താന്‍ പിന്തുണയ്‌ക്കുമ്പോഴും ഏറെ റണ്‍സ് വഴങ്ങുന്നത് ഉമ്രാന്‍ മാലിക്കിന് തിരിച്ചടിയാകുന്നുണ്ട്
മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെ ബിസിസിഐ ഇന്നലെ പ്രഖ്യപിച്ചിരുന്നു. ടെസ്റ്റിനും ഏകദിനത്തിനും ട്വന്‍റി 20ക്കും പുറമെ ഇന്ത്യ എ സ്‌ക്വാഡിനെയും സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തു. ഇന്ത്യന്‍ സീനിയര്‍ സ്‌ക്വാഡുകളിലൊന്നും ഇടംപിടിക്കാതിരുന്ന വേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ എ ടീമിലേക്കും പരിഗണിച്ചില്ല. ഇതിനോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ടി20യില്‍ 2023 ഫെബ്രുവരി ഒന്നിനും ഏകദിനത്തില്‍ ജൂലൈ 29നുമാണ് ഉമ്രാന്‍ അവസാനമായി ടീം ഇന്ത്യക്കായി കളിച്ചത്.
'കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ടീമിനായി കളിച്ച ഒരു താരം എ ടീമില്‍ നിര്‍ബന്ധമായും വരേണ്ടതാണെന്ന് എനിക്ക് ഉറപ്പാണ്' എന്നാണ് ഇര്‍ഫാന്‍ പത്താന്‍റെ ട്വീറ്റ്. ഉമ്രാന്‍ മാലിക് എന്ന ഹാഷ്‌ടാഗും പത്താന്‍റെ ട്വീറ്റിനൊപ്പമുണ്ടായിരുന്നു.
ഈ വര്‍ഷം നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും അതിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങാനാവാത്തതാണ് ടീം സെലക്ഷനില്‍ ഉമ്രാന്‍ മാലിക്കിന് തിരിച്ചടിയായത് എന്നാണ് കരുതപ്പെടുന്നത്. ഉമ്രാന്‍ മാലിക്കിനായി ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തുന്നത് ഇതാദ്യമല്ല. ഐപിഎല്‍ 2023 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉമ്രാന് തുടര്‍ച്ചയായി അവസരം നല്‍കാത്തത് ചോദ്യം ചെയ്‌ത് ഇര്‍ഫാന്‍ രംഗത്തെത്തിയിരുന്നു. 'ലീഗിലെ ഏറ്റവും വേഗമേറിയ താരം പുറത്തിരിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഉമ്രാനെ മികച്ച രീതിയിലല്ല ടീം ഉപയോഗിക്കുന്നത്' എന്നുമായിരുന്നു അന്ന് ഇര്‍ഫാന്‍ പത്താന്‍റെ വിമര്‍ശനം.
ഇര്‍ഫാന്‍ പത്താന്‍ പിന്തുണയ്‌ക്കുമ്പോഴും ഏറെ റണ്‍സ് വഴങ്ങുന്നത് ഉമ്രാന്‍ മാലിക്കിന് തിരിച്ചടിയാകുന്നുണ്ട്. മോശം ലൈനും ലെങ്തും താരത്തിന് വിലങ്ങുതടിയാകുന്നു. ഏകദിന ഫോര്‍മാറ്റില്‍ 6.54 ഉം ട്വന്‍റി 20യില്‍ 10.48 ഉം ആണ് ഉമ്രാന്‍റെ ഇക്കോണമി. 'ഉമ്രാന്‍ മികച്ച ലൈനും ലെങ്തും കണ്ടെത്തണം' എന്ന് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Read more: ഇന്ത്യ-ഓസ്ട്രേലിയ നാലാം ട്വന്‍റി 20 ഇന്ന്; ഇലവനില്‍ അടിമുടി മാറ്റത്തിന് നീലപ്പട, ജയിച്ചാല്‍ പരമ്പര
