ബുധനാഴ്ച രാവിലെ കളിക്കാരെ വീണ്ടും ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കിയശേഷമെ ശ്രീലങ്കൻ കളിക്കാരുടെ കാര്യത്തെക്കുറിച്ച് പറയാനാവുവെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ടീം

കൊളംബോ ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗം ക്രനാൽ‌ പാണ്ഡ്യക്ക് കൊവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെ ക്രുനാലുമായി അടുത്തിടപഴകിയ എട്ട് ഇന്ത്യൻ താരങ്ങളുടെയും കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവായി. ക്രുനാലുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഫലം ​നെ​ഗറ്റീവായെങ്കിലും ഇവരാരും നാളെ നടക്കുന്ന രണ്ടാം ടി20യിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

ബുധനാഴ്ച രാവിലെ കളിക്കാരെ വീണ്ടും ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കിയശേഷമെ ശ്രീലങ്കൻ കളിക്കാരുടെ കാര്യത്തെക്കുറിച്ച് പറയാനാവുവെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ടീം മെഡിക്കൽ കമ്മിറ്റി അം​ഗം പ്രഫ. അർജുന ഡിസിൽവ സ്പോർട്സ് സ്റ്റാറിനോട് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെയാണ് ക്രുനാൽ തൊണ്ടവേദന അനുഭവപ്പെടുന്നതായി ഇന്ത്യൻ‌ ടീം മാനേജ്മെന്റിനെ അറിയിച്ചത്. തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് ക്രുനാൽ കൊവ്ഡ പൊസറ്റീവാണെന്ന് വ്യക്തമായത്. തുടർന്ന് ക്രുനാലുമായി അടുത്തിടപഴകിയ എട്ട് താരങ്ങളോടെ ഐസോലേഷനിൽ പോവാൻ ടീം മാനേജ്മെന്റ് നിർദേശിച്ചു.

ഇം​ഗ്ലണ്ട് പര്യടനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൂര്യകുമാർ യാദവ്, പൃഥ്വി ഷാ എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നു. തുടർന്നാണ് ഇന്ന് നടക്കേണ്ട രണ്ടാം ടി20 മത്സരം നാളത്തേക്ക് മാറ്റിയത്. ഐസൊലേഷനിൽ പോയ താരങ്ങളടക്കം എല്ലാ കളിക്കാരെയും വൈകിട്ട് ആർടിപിസിആർ പരിശോധനക്ക് വിധേയരാക്കിയിരുന്നു.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ച് 1-0ന് മുന്നിലാണ്. രണ്ടാം മത്സരം ബുധനാഴ്ചയും മൂന്നാം മത്സരം മുൻനിശ്ചയപ്രകാരം വ്യാഴാഴ്ചയും നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച ക്രുനാലിന് ഇന്ത്യൻ ടീമിനൊപ്പം തിരികെ മടങ്ങാനാവില്ല. ശ്രീലങ്കയിലെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഐസോലേഷനിൽ കഴിഞ്ഞശേഷം കൊവിഡ് നെ​ഗറ്റീവായാലെ ക്രുനാലിന് ഇന്ത്യയിലേക്ക് മടങ്ങാനാകു.