ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പൂജ വസ്ത്രകര്‍ (67), സ്മൃതി മന്ഥാന (52), സ്‌നേഹ് റാണ (53), ദീപ്തി ശര്‍മ (40) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്.
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ (INDW vs PAKW) ഇന്ത്യക്ക് ജയം. 107 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പൂജ വസ്ത്രകര്‍ (67), സ്മൃതി മന്ഥാന (52), സ്‌നേഹ് റാണ (53), ദീപ്തി ശര്‍മ (40) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 43 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്കവാദാണ് പാകിസ്ഥാനെ തകര്‍ത്തത്. ലോകകപ്പില്‍ ഇരു ടീമുകളുടേയും ആദ്യ മത്സരമായിരുന്നിത്.
30 റണ്‍സെടുത്ത സിദ്ര അമീന് മാത്രമാണ് പാക് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ജവേരിയ ഖാന്‍ (11), ബിസ്മ മഹ്‌റൂഫ് (15), ഒമൈമ സൊഹൈല്‍ (5), നിദ ദര്‍ (5), അലിയ റിയാസ് (11), ഫാത്തിമ സന (17), സിദ്ര നവാസ് (12), നഷ്‌റ സന്ധു (0), ദിയാന ബെയ്ഗ് (24) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. രാജേശ്വരിക്ക് പുറമെ ജുലന്‍ ഗോസ്വാമി, സ്‌നേഹ് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപ്തി ശര്‍മ, മേഘ്‌ന സിംഗ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
അത്ര മികച്ചതൊന്നും ആയിരുന്നില്ല ഇന്ത്യന്‍ വനിതകളുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഷെഫാലിയെ (0) ഇന്ത്യക്ക് നഷ്ടമായി. ദിയാന ബെയ്ഗിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് മന്ഥാന- ദീപ്തി സഖ്യമാണ് ഇന്ത്യയെ ഉണര്‍ത്തിയത്. ഇരുവരും മൂന്നാം വിക്കറ്റില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും ഏതാണ്ട് ഒരേ സമയത്ത് തന്നെ പവലിയനില്‍ തിരിച്ചെത്തി. ദീപ്തിയെ നഷ്‌റ ബൗള്‍ഡാക്കിയപ്പോള്‍ മന്ഥാന ആനം അമീന് റിട്ടേണ്‍ ക്യാച്ച് നല്‍കി. സീനിയര്‍ അടങ്ങുന്ന മധ്യനിര പൊരുതാന്‍ പോലുമാകാതെ നിലംപൊത്തി.
ഷെഫാലി വര്‍മ (0), മിതാലി രാജ് (9), ഹര്‍മന്‍പ്രീത് കൗര്‍ (5), റിച്ച ഘോഷ് (1) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ ആറിന് 114 എന്ന നിലയിലേക്ക് വീണു ഇന്ത്യ. പിന്നാലെ കാത്തിരുന്ന കൂട്ടുകെട്ട് പിറന്നു. റാണ- പൂജ സഖ്യം കൂട്ടിച്ചേര്‍ത്തത് 122 റണ്‍സ്. 59 പന്തില്‍ എട്ട് ബൗണ്ടറികളുടെ സാഹയത്തോടെയാണ് പൂജ 67 റണ്‍സെടുത്തത്.
48 പന്തില്‍ നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു റാണയുടെ ഇന്നിംഗ്‌സ്. പൂജ പുറത്തായ ശേഷം ക്രീസിലെത്തിയ ജുലന്‍ ഗോസ്വാമി (6) റാണയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. നിദ ദര്‍, നഷ്‌റ സന്ധു എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
