ഹാര്‍ദിക് പാണ്ഡ്യക്ക് ശക്തമായ പിന്തുണയുമായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി
മുംബൈ: ട്വന്‍റി 20 ലോകകപ്പിനുള്ള സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും വിമര്‍ശനം കേട്ടത് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലെടുത്തതിനായിരുന്നു. ബാറ്റും പന്തും കൊണ്ട് ഐപിഎല്‍ 2024 സീസണില്‍ തിളങ്ങാന്‍ കഴിയാത്ത പാണ്ഡ്യയെ എന്തിന് ലോകകപ്പിന് അയക്കുന്നു എന്നതാണ് ഉയരുന്ന ചോദ്യം. ടി20 ലോകകപ്പ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹാര്‍ദിക് പാണ്ഡ്യ. നാല് ഓവര്‍ ക്വാട്ട എറിയാന്‍ പലപ്പോഴും തയ്യാറാവാത്ത ഹാര്‍ദിക് പാണ്ഡ്യയെ എങ്ങനെ ഓള്‍റൗണ്ടറായി കണക്കാക്കും എന്ന് പലരും ചോദിക്കുന്നു. എന്നാല്‍ പാണ്ഡ്യക്ക് ശക്തമായ പിന്തുണയുമായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി.
'രാജ്യത്തിനായും ഐപിഎല്ലിലും കളിക്കുന്നത് രണ്ടും രണ്ടാണ്. രാജ്യത്തിനായി കളിക്കുമ്പോള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഒരു താരം ശ്രമിക്കും. ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യ അതിനാല്‍ മികച്ച പ്രകടനം പുറത്തെടുക്കും. ഐപിഎല്ലില്‍ പല പ്രശ്നങ്ങളും ഉണ്ടായിരുന്നുവെങ്കിലും വിദേശത്ത് കളിക്കാനിറങ്ങുമ്പോള്‍ പാണ്ഡ്യ മികവിലേക്ക് ഉയരും. ട്വന്‍റി 20 ലോകകപ്പില്‍ ബാറ്റും പന്തും കൊണ്ട് ഹാര്‍ദിക് ഫോം കാട്ടും. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡ് മികച്ചതാണ്. പരിചയസമ്പന്നരായ താരങ്ങളുണ്ട്, ബിഗ് ഹിറ്റര്‍മാരുണ്ട്, ബൗളിംഗിലും വ്യത്യസ്തതയുണ്ട്. ഇന്ത്യ ലോകകപ്പിലെ ഫേവറേറ്റുകളില്‍ ഒരു ടീമായിരിക്കും. രാജ്യാന്തര തലത്തില്‍ കളിക്കുമ്പോള്‍ എന്തായാലും ഭാഗ്യം കൂടിവേണം. ഭാഗ്യമുണ്ടായാല്‍ ഇന്ത്യ 2007 ലോകകപ്പിലെ ജയം ആവര്‍ത്തിക്കും' എന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ ഇതുവരെ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. 10 മത്സരങ്ങളില്‍ 197 റണ്‍സും ആറ് വിക്കറ്റും മാത്രമേ സമ്പാദ്യമായുള്ളൂ. പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ 10ല്‍ മൂന്ന് ജയം മാത്രമുള്ള മുംബൈ ഇന്ത്യന്‍സ് ഒന്‍പതാം സ്ഥാനത്താണ് നിലവില്‍. ടീമിന്‍റെ പ്ലേ ഓഫ് സാധ്യത വിദൂരമാണ്.
ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍.
Read more: ടി20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍, ഇന്ത്യ സെമിയിലെത്തില്ലെന്ന് പ്രവചനം
