വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ടി20 സ്‌ക്വാഡ് ബിസിസിഐ സെലക്‌ടര്‍മാര്‍ പുറത്തുവിട്ടിരുന്നില്ല

മുംബൈ: ഏകദിനത്തിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 പരമ്പരയിലും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ കളിക്കുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. എന്നാല്‍ ടി20 ടീം പ്രഖ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ വൈകും എന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. പുതിയ ചീഫ് സെലക്‌ടര്‍ ചുമതലയേറ്റെടുത്ത ശേഷമാകും ടീം പ്രഖ്യാപനം എന്നാണ് റിപ്പോര്‍ട്ടുകള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് ട്വന്‍റി 20കളുള്ള പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുക. ഓഗസ്റ്റ് 6, 8, 12, 13 തിയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഇതില്‍ അവസാന രണ്ട് ടി20കള്‍ ഫ്ലോറിഡയില്‍ വച്ചാണ് നടക്കുക. 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോള്‍ ടി20 സ്‌ക്വാഡ് ബിസിസിഐ സെലക്‌ടര്‍മാര്‍ പുറത്തുവിട്ടിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയ്‌ക്ക് പ്രാധാന്യമുള്ള ടീമിനെയാവും പ്രഖ്യാപിക്കുക. ടീം പ്രഖ്യാപനത്തിനായി പുതിയ ചീഫ് സെലക്‌ടര്‍ ചുമതലയേല്‍ക്കാനായി കാത്തിരിക്കുകയാണ് ബിസിസിഐ. മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ ചീഫ് സെലക്‌ടറാവും എന്നാണ് അനുമാനം. ഇക്കാര്യത്തില്‍ ഈ ആഴ്‌ച പ്രഖ്യാപനമുണ്ടാകും. അടുത്ത ആഴ്‌ചയോടെയാവും ടി20 സ്‌ക്വാഡിനെ പ്രഖ്യാപിക്കുക എന്നാണ് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. 

'കൃത്യമായ പ്രതിഭകളെ ട്വന്‍റി 20 പരമ്പരയ്‌ക്കായി തെരഞ്ഞെടുക്കുക പ്രധാനമാണ്. പുതിയ ഏറെ താരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. ഇക്കാര്യത്തില്‍ ചീഫ് സെലക്‌ടറുടെ തീരുമാനങ്ങള്‍ നിര്‍ണായകമാകും. ചീഫ് സെലക്‌ടറെ തെരഞ്ഞെടുക്കുന്ന മുറയ്‌ക്ക് വരുന്ന ആഴ്‌ച ടീം പ്രഖ്യാപനം കാണും. ആരൊയൊക്കെയാവും തെരഞ്ഞെടുക്കുക എന്ന് പറയാനാവില്ല. എന്നാല്‍ ഐപിഎല്ലില്‍ പ്രതിഭ തെളിയിച്ച യുവതാരങ്ങള്‍ക്ക് അവസരമൊരുങ്ങും എന്നുറപ്പാണ്. ടി20ക്കായി ബഞ്ച് കരുത്ത് പരിശോധിക്കുന്നതും പ്രധാനമാണ്' എന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പുതിയ സെലക്‌ടറെ തെരഞ്ഞെടുക്കുന്നതിനൊപ്പം കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഫിറ്റ്‌നസ് റിപ്പോര്‍ട്ടിനായും കാത്തിരിക്കുകയാണ് ബിസിസിഐ. 

Read more: ഇന്ത്യയെ പൂട്ടണം, മാനം കാക്കണം; വിന്‍ഡീസ് ക്രിക്കറ്റിന്‍റെ രക്ഷകനാകാന്‍ ലാറ എത്തുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News