അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി 20 പരമ്പയ്ക്ക് നാളെ അഹമ്മദാബാദില്‍ തുടക്കമാവും. അഞ്ച് മത്സരങ്ങളാണുളളത്. ടെസ്റ്റ് പരമ്പരയിലെ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ അതിവേഗ ക്രിക്കറ്റിന്റെ പോരാട്ടച്ചൂടിലേക്കിറങ്ങുന്നത്. ഈവര്‍ഷത്തെ ട്വന്റി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് കോച്ച് രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അണിയറ നീക്കം. ഉഗ്രന്‍ ഫോമിലുള്ള ഒരുപിടി താരങ്ങളില്‍ ആരെയെല്ലാം ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നതാണ് ടീം ഇന്ത്യയുടെ ആശയക്കുഴപ്പം. 

ക്യാപ്റ്റന്‍ കോലിയും രോഹിത് ശര്‍മ്മയും ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുമാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചവര്‍. റിഷഭ് പന്തിനും ശിഖര്‍ ധവാനും ടീമിലെത്താന്‍ ഏത് റോളിലും തിളങ്ങുന്ന കെ എല്‍ രാഹുലുമായി മത്സരിക്കണം. മധ്യനിരയില്‍ അരങ്ങേറ്റം പ്രതീക്ഷിച്ച് സൂര്യകുമാര്‍ യാദവുമുണ്ട്. ബൗളര്‍മാരും ടീമിലെത്താന്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ജസ്പ്രീത് ബുംറയ്ക്ക് വിവാഹത്തിനായി വിശ്രമം നല്‍കിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ പരുക്കുമാറി തിരിച്ചെത്തി. 

പരിക്കേറ്റ ടി നടരാജന്‍ ആദ്യമത്സരങ്ങളില്‍ കളിച്ചേക്കില്ല. യുസ്‌വേന്ദ്ര ചഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ സ്പിന്‍ ത്രയം. ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇംഗ്ലണ്ട് ട്വന്റി 20യില്‍ ശക്തരാണ്. ഡേവിഡ് മാലന്‍, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, മോയീന്‍ അലി, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയവര്‍ ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ ശേഷിയുള്ളവര്‍. പരമ്പരയിലെ അഞ്ച് മത്സരങ്ങളും മൊട്ടേറ സ്റ്റേഡിയത്തിലാണ് നടക്കുക.