നായകന്‍ ജോ റൂട്ടിന്റെ ഹോം ഗ്രൗണ്ടില്‍ തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്. ഒന്നാം ടെസ്റ്റ് മഴയില്‍ കുതിര്‍ന്നെങ്കിലും ലോര്‍ഡ്‌സില്‍ 151 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം.  

ലീഡ്‌സ്: ഇന്ത്യഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് നാളെ തുടക്കമാവും. ലീഡ്‌സില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ലോര്‍ഡ്‌സിലെ ആവേശ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. നായകന്‍ ജോ റൂട്ടിന്റെ ഹോം ഗ്രൗണ്ടില്‍ തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്. ഒന്നാം ടെസ്റ്റ് മഴയില്‍ കുതിര്‍ന്നെങ്കിലും ലോര്‍ഡ്‌സില്‍ 151 റണ്‍സിനായിരുന്നു കോലിപ്പടയുടെ വിജയം. 

ഇന്ത്യന്‍ ടീമില്‍ നാല് പേസര്‍മാര്‍ തുടരും. രവീന്ദ്ര ജഡേജയ്ക്ക് പകരം ആര്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ട്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് എന്നിവരുള്‍പ്പെട്ട ബാറ്റിംഗ് നിരയുടെ പ്രകടനമാവും നിര്‍ണായകമാവുക. 

ബാറ്റ്‌സ്മാന്‍മാര്‍ കുറച്ചുകൂടി ഉത്തരവാദിത്തോടെ കളിച്ചാല്‍ പരന്പര ഇന്ത്യ സ്വന്തമാക്കുമെന്ന് മുന്‍താരം ദിലീപ് വെംഗ്‌സാര്‍ക്കര്‍ പറയുന്നു. ഇംഗ്ലീഷ് ടീമില്‍ മാറ്റം ഉറപ്പ്. റോറി ബേണ്‍സിനൊപ്പം ഹസീബ് ഹമീദ് ഇന്നിംഗ്‌സ് തുറക്കാനെത്തും. മൂന്നാം സ്ഥാനത്തിനായി ഒലി പോപ്പും ഡേവിഡ് മലനും മത്സരിക്കുന്നു. 

പേസര്‍ മാര്‍ക് വുഡ് പരിക്കേറ്റ് പിന്‍മാറിയത് തിരിച്ചടിയാവും. പകരം സാഖിബ് മഹ്‌മൂദോ ക്രെയ്ഗ് ഒവേര്‍ട്ടനോ ടീമിലെത്തിയേക്കും. ജോ റൂട്ടിന്റെ ബാറ്റിലേക്ക് തന്നെയാണ് ഇംഗ്ലണ്ട് ഉറ്റുനോക്കുന്നത്.