ചരിത്രത്തിലാദ്യമായി ഇന്ത്യയും ജപ്പാനും തമ്മില്‍ ഒരു ക്രിക്കറ്റ്‌ മത്സരത്തില്‍ മുഖാമുഖം വരുന്നു.സെപ്‌തംബര്‍ 22ന്‌ ഇന്ത്യന്‍ സമയം രാവിലെ 9.30 ന്‌ ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടുന്ന സുസുക്കി കപ്പ്‌ ആരംഭിക്കും. ട്വന്റ20 ഫോര്‍മാറ്റിലുള്ള മത്സരത്തില്‍ ശ്രേയസ്‌ അയ്യര്‍ ഇന്ത്യന്‍ ടീമിനെ നയിക്കും.

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയും ജപ്പാനും തമ്മില്‍ ഒരു ക്രിക്കറ്റ്‌ മത്സരത്തില്‍ മുഖാമുഖം വരുന്നു. ഏഷ്യന്‍ ഗെയിംസിന്‌ മുന്നോടിയായി, സെപ്‌തംബര്‍ 22ന്‌ തോചിഗി പ്രിഫെക്‌ചറിലെ സാനോ അന്താരാഷ്ട്ര ക്രിക്കറ്റ്‌ ഗ്രൗണ്ടിലാണ്‌ മത്സരം. ഇന്ത്യന്‍ സമയം രാവിലെ 9.30 ന്‌ ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടുന്ന സുസുക്കി കപ്പ്‌ ആരംഭിക്കും. ട്വന്റ20 ഫോര്‍മാറ്റിലുള്ള മത്സരത്തില്‍ ശ്രേയസ്‌ അയ്യര്‍ ഇന്ത്യന്‍ ടീമിനെ നയിക്കും.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ട്‌, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈചിയും ധാരണയിലെത്തിയ സ്‌പോര്‍ട്‌സ്‌ 75 എന്ന പദ്ധതിക്ക്‌ ക്രിക്കറ്റ്‌ മത്സരത്തോടെ തുടക്കം കുറിക്കും. 2036 ല്‍ ഒളിമ്പിക്‌, പാരാലിമ്പിക്‌ ഗെയിംസിന്‌ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യം കണക്കിലെടുത്ത്‌, കായികരംഗത്ത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്‌പര സഹകരണവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.

ജപ്പാന്റെ മണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കളിക്കുന്ന ആദ്യ മത്സരമാകും ഇത്‌. ഏഷ്യന്‍ ഗെയിംസ്‌ ക്രിക്കറ്റിനുള്ള തയ്യാറെടുപ്പ്‌ കൂടിയാകും ഇത്‌. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നീ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലാണ്‌ മത്സരിക്കുക. സെപ്‌തംബര്‍ 28നാണ്‌ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മത്സരം. അഫ്‌ഗാനിസ്ഥാന്‍, ജപ്പാന്‍, നേപ്പാള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലെ റണ്ണേഴ്‌സപ്പുമായിട്ടാണ്‌ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുക. ജപ്പാന്‍ ആദ്യമായിട്ടാണ്‌ ടെസ്റ്റ്‌ പദവിയുള്ള രാജ്യത്തിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ കളിക്കുന്നത്‌. ഇതുവരെ ജപ്പാന്‍ ഏഷ്യ കപ്പ്‌ കളിച്ചിട്ടില്ല. 2023 ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തെങ്കിലും ഗ്രൂപ്പ്‌ റൗണ്ടില്‍ പുറത്തായി. ക്രിക്കറ്റില്‍ കംബോഡിയക്കെതിരെയാണ്‌ ജപ്പാന്റെ ആദ്യ ജയം.

പുരുഷ ടീമുകള്‍ ഏറ്റുമുട്ടുന്നതിന്‌ നാല്‌ ദിവസം മുമ്പ്‌, ഏഷ്യന്‍ ഗെയിംസ്‌ വനിതാ ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ-ജപ്പാന്‍ മത്സരമുണ്ട്‌. ഏഷ്യന്‍ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലും ഇന്ത്യ-ജപ്പാന്‍ മത്സരത്തിന്‌ സാധ്യതയുണ്ട്‌. ഗ്രൂപ്പ്‌ റൗണ്ടില്‍ ജപ്പാന്‍ റണ്ണേഴ്‌സപ്പാകണമെന്ന്‌ മാത്രം.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK