ഐപിഎല്ലിനും (IPL 2022) ലോകകപ്പിനും ഇടയില്‍ ഇന്ത്യ കളിക്കുന്ന നാലാമത്തെ ടി20 പരമ്പരയായിരിക്കുമിത്. ഐപിഎല്ലിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര കളിക്കുന്നുണ്ട്.
മുംബൈ: വരുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരെ (IND vs AUS) മൂന്ന് ടി20 മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര കളിക്കും. ഇന്ത്യ ആതിഥേയരാകുന്ന പരമ്പര സെപ്റ്റംബറിലാണ് നടക്കുക. ഫോക്‌സ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം സിംബാബ്‌വെ, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരെ നാട്ടില്‍ പരമ്പര കളിക്കും. അക്കൂട്ടത്തില്‍ സെപ്റ്റംബറില്‍ ഇന്ത്യയിലേക്കുമെത്തും.
ഐപിഎല്ലിനും (IPL 2022) ലോകകപ്പിനും ഇടയില്‍ ഇന്ത്യ കളിക്കുന്ന നാലാമത്തെ ടി20 പരമ്പരയായിരിക്കുമിത്. ഐപിഎല്ലിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര കളിക്കുന്നുണ്ട്. ജൂണ്‍ ഒമ്പത് മുതല്‍ 19 വരെയാണ് പരമ്പര. പിന്നാലെ രണ്ട് ടി20 മത്സരങ്ങള്‍ക്കായി ഇന്ത്യ അയര്‍ലന്‍ഡിലേക്ക് പുറപ്പെടും.
പിന്നാലെ ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് കളിക്കും. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ മാറ്റിവച്ച അവസാന ടെസ്റ്റിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരിക. ശേഷം മൂന്ന് ടി20- ഏകദിന മത്സരങ്ങളും നടക്കും.
ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന പരമ്പര ഇന്ത്യക്ക് ഗുണം ചെയ്യും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കുക. 2021 യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്തായിരുന്നു. പാകിസ്ഥാന്‍, ന്യൂസിലന്‍ഡ് എന്നിവരോട് ഇന്ത്യ തോല്‍ക്കുകയുണ്ടായി.
ഇത്തവണയും പാകിസ്ഥാനെ നേരിട്ടുകൊണ്ടാണ് ഇന്ത്യയുടെ ലോകകപ്പ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്. ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യയിലെത്തും.
