മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയേണ്ടി വന്നേക്കും. നേരത്തെ ക്വാറന്റൈന്‍ കാലാവധി ഒരാഴ്ചയായി കുറയ്ക്കാന്‍ ബിസിസിഐ പ്രസിഡന്റെ സൗരവ് ഗാംഗുലി ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അവര്‍ തള്ളിയതായിട്ടാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. നേരത്തെ തീരുമാനിച്ചത് പോലെ രണ്ടാഴ്ച ഇന്ത്യന്‍ താരങ്ങള്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവരും. ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ സിഇഒ നിക്ക് ഹോക്ക്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

14 ദിവസം ഹോട്ടലില്‍ മാത്രം കഴിയുന്നത് താരങ്ങളുടെ മാനസിക നിലയെ ബാധിക്കുമെന്നായിരുന്നു ഗാംഗുലി ഉയര്‍ത്തിയ വാദം. എന്നാല്‍ ഈ വാദത്തില്‍ പ്രസക്തിയില്ലെന്നും ണ്ടാഴ്ച തന്നെ ക്വാറന്റീന്‍ ഉണ്ടാവുമെങ്കിലും ഈ കാലയളവില്‍ താരങ്ങള്‍ പരിശീലനം നടത്താനുള്ള സൗകര്യമൊരുക്കുമെന്നും ഹോക്ക്ലി പറഞ്ഞു. എന്നാല്‍ ക്വാറന്റൈന്‍ കേന്ദ്രം എവിടെയായിരിക്കുമെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. ഗ്രൗണ്ടിന് സമീപത്തെ ഹോട്ടലുകളില്‍ തന്നെ ആവാനാണ് സാധ്യതയെന്നാണ് അറിയുന്നത്. 

വൈറസ് ബാധ പരമാവധി കുറയ്ക്കാന്‍ സഹായിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയെന്നതാണ് ഏറ്റവും പ്രധാനമെന്നും അതിന് പറ്റിയില്ലെങ്കില്‍ അപകടമാവുമെന്നും ഹോക്ക്‌ലി പറഞ്ഞു. അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വിദഗ്ധരുടെയും അധികാരികളുടെയും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും ഹോക്ക്ലി അറിയിച്ചു.