മുംബൈയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഷെയര്‍ ചെയ്തിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോളഅ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തെരുവിൽ കഴിഞ്ഞിരുന്ന ഒരമ്മയുടെ പഴയ തുണിത്തൊട്ടിൽ വലിച്ചെറിഞ്ഞ ശേഷം പുതിയൊരെണ്ണം വാങ്ങി നൽകുകയാണ് അദ്ദേഹം.
ദിവസേനയെന്നോണം അതിമനോഹരങ്ങളായ ഒരുപാട് വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. മുംബൈയിൽ നിന്നുള്ള അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. മുംബൈയിലെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഈ വീഡിയോയിലുള്ളത്. തെരുവിൽ കഴിയുന്ന ഒരു അമ്മയ്ക്കും കുഞ്ഞിനും അദ്ദേഹം ഒരു പുതിയ തൊട്ടിൽ സമ്മാനമായി നൽകുന്നതാണ് വീഡിയോയിൽ കാണുന്നത്. സുശീൽ ശിഖരെ എന്ന ഉദ്യോഗസ്ഥനാണ് ഇൻസ്റ്റഗ്രാമിൽ ഈ ഹൃദയസ്പർശിയായ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇതുവരെ 10 മില്ല്യണിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു.
കുഞ്ഞിനെ കിടത്താനായി അമ്മ ഒരു തുണിത്തൊട്ടിൽ ഉണ്ടാക്കിയിരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, അത് വലിച്ചെറിഞ്ഞ് പൊലീസുദ്യോഗസ്ഥൻ ഒരു പുതിയ നല്ല തൊട്ടിൽ അപ്പോൾ തന്നെ വാങ്ങിക്കൊടുക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. പൊലീസുകാരന്റെ ഈ പ്രവൃത്തിയിൽ അമ്മ ആകെ വികാരം കൊള്ളുന്നത് കാണാം. സോഷ്യൽ മീഡിയയിലും നൂറുകണക്കിനാളുകളെ ഈ വീഡിയോ സ്പർശിച്ചു. മറാത്തിയിൽ എഴുതിയ അടിക്കുറിപ്പിൽ പറയുന്നത്, താൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വഴിയരികിലുണ്ടായിരുന്ന അമ്മയെയും കുഞ്ഞിനെയും ശ്രദ്ധിച്ചു എന്നാണ്. നടപ്പാതയിലെ താൽക്കാലികമായുണ്ടാക്കിയ തൊട്ടിലിൽ ആ കുഞ്ഞിനെ കിടത്തിയിരിക്കുന്ന ദൃശ്യം തന്നെ വേട്ടയാടിയതായി ഉദ്യോഗസ്ഥൻ പറയുന്നു. കുഞ്ഞ് കരഞ്ഞപ്പോൾ അമ്മ നിസ്സഹായതയോടെ നോക്കിനിൽക്കുകയായിരുന്നു. അതിനാലാണ് അദ്ദേഹം പുതിയൊരു തൊട്ടിൽ തന്നെ വാങ്ങി നൽകാൻ തീരുമാനിക്കുന്നത്.
പൊലീസുകാരൻ മരത്തടിയിൽ കെട്ടിയിരിക്കുന്ന തുണിത്തൊട്ടിൽ തട്ടിക്കളയുന്നത് അമ്മ വേദനയോടെ നോക്കിനിൽക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. എന്നാൽ, പിന്നീട് അദ്ദേഹം പുതിയ തൊട്ടിൽ വാങ്ങിക്കൊണ്ടുവന്ന് കുഞ്ഞിനെ അതിൽ കിടത്തുമ്പോൾ അവർ നന്ദിയോടെ നോക്കുന്നതും കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. പൊലീസുകാരനേക്കാളുപരി, നല്ല ഒരു അച്ഛൻ കൂടിയായിരിക്കാം അദ്ദേഹം എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരുപാട് ആളുകൾ ഈ ഭൂമിയിൽ വേണം എന്നും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്.
