ആഡംബര വിവാഹത്തിനായി പണം ചെലവഴിക്കുന്നതിന് പകരം, ആ തുക കൊണ്ട് പുതിയൊരു വീട് വാങ്ങി ഭാവി സുരക്ഷിതമാക്കി ദമ്പതികള്‍. പുതിയ വീട്ടില്‍ വളരെ ലളിതമായ ചടങ്ങോടെ നടന്ന വിവാഹത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങളേറ്റു വാങ്ങുന്നത്.

ഒരു വിവാഹം നടത്തുക എന്ന് പറഞ്ഞാൽ ഇന്ന് വൻ ചിലവാണ്. ഓരോ ദിവസവും ആഡംബരം കൂടിക്കൂടി വരികയാണ്. വിവാഹത്തിന് പൊടിച്ചുകളയുന്ന പണമുണ്ടെങ്കിൽ അത്യാവശ്യമുള്ള മറ്റ് പല കാര്യങ്ങളും നടന്നുപോകും. അതുപോലെ, വളരെ ക്രിയാത്മകമായി ആ പണം ചിലവഴിക്കുകയും തങ്ങളുടെ വിവാഹം വ്യത്യസ്തമായ രീതിയിൽ നടത്തുകയും ചെയ്ത ദമ്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആഡംബര വിവാഹത്തിനായി പണം ചെലവഴിക്കുന്നതിനുപകരം, ആ പണം പുതിയൊരു വീട് വാങ്ങി ഭാവി സുരക്ഷിതമാക്കാനാണ് അവർ തീരുമാനിച്ചത്. പുതുതായി വാങ്ങിയ വീട്ടിൽ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായ ആചാരങ്ങളോടെയായിരുന്നു ഇവരുടെ വിവാഹം.

ചെലവേറിയ വിവാഹ ആഘോഷങ്ങൾ ഒഴിവാക്കി, പകരം ആ പണം ഉപയോഗിച്ച് ഒരു വീട് വാങ്ങാനാണ് കുടുംബം തീരുമാനിച്ചതെന്ന് വരന്റെ സഹോദരൻ വിശദീകരിക്കുന്നു. ഈ തീരുമാനം കാരണം അവർക്ക് ഒരു വീട് സ്വന്തമാക്കാനും അവിടെ സമാധാനത്തോടെ ഒരു പുതിയ ജീവിതം ആരംഭിക്കാനും സാധിച്ചു. ഇന്ത്യൻ കുടുംബങ്ങളിൽ സാധാരണമായി കാണപ്പെടുന്ന വിവാഹങ്ങൾ അമിതമായി സമ്പത്ത് പ്രദർശിപ്പിക്കാനുള്ള അവസരങ്ങളായി മാറാറുണ്ട്. എന്നാൽ, അതിന്റെയൊന്നും ആവശ്യമില്ല, സ്നേഹത്തിലും സ്ഥിരതയിലും മുന്നോട്ട് കൊണ്ടുപോകുന്ന ജീവിതമാണ് പ്രധാനം എന്ന് കാണിക്കുന്നതാണ് ദമ്പതികളുടെ ഈ വീഡിയോ.

View post on Instagram

വരനും വധുവും തങ്ങൾ സമ്പാദിച്ചിരുന്ന പണം വിവാഹാഘോഷത്തിനായി ചെലവഴിക്കാതെ വീട് വാങ്ങി. അതേ വീട്ടിൽ വച്ച് തന്നെയായിരുന്നു വിവാഹത്തിന്റെ ചടങ്ങുകൾ നടന്നതും. വീടിനകത്ത് നടക്കുന്ന വിവാഹച്ചടങ്ങുകളുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ആർക്കും മാതൃകയാക്കാവുന്ന കാര്യമാണ് ഈ ദമ്പതികൾ ചെയ്തത് എന്ന് അനേകങ്ങളാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.