Asianet News MalayalamAsianet News Malayalam

സ്പിന്‍ പിച്ചില്‍ ആറാടി ജസ്പ്രിത് ബുമ്ര! ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 143 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ഭേദപ്പെട്ട തുടക്കമായിരുന്ന ഇംഗ്ലണ്ടിന്. ക്രൗളി - ബെന്‍ ഡക്കറ്റ് (21) സഖ്യം ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഡക്കറ്റിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.

india took 143 runs lead against england in second test
Author
First Published Feb 3, 2024, 4:44 PM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ 396 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 253 റണ്‍സിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 76 റണ്‍സ് നേടിയ സാക് ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ബെന്‍ സ്‌റ്റോക്‌സ് 47 റണ്‍സെടുത്ത് പുറത്തായി. ബുമ്രയ്ക്ക് പുറമെ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ, യശസ്വി ജയ്‌സ്വാളിന്റെ (209) ഇരട്ട സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണും റെഹാന്‍ അഹമ്മദും ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതമെടുത്തു.

ഭേദപ്പെട്ട തുടക്കമായിരുന്ന ഇംഗ്ലണ്ടിന്. ക്രൗളി - ബെന്‍ ഡക്കറ്റ് (21) സഖ്യം ഒന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഡക്കറ്റിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ ഒല്ലി പോപ് (23) ക്രൗളിക്കൊപ്പം 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അക്‌സറിന്റെ പന്തില്‍ ക്രൗളി മടങ്ങി. പോപ്പിനെ ബുമ്ര ഒരു യോര്‍ക്കറില്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയവരില്‍ സ്‌റ്റോക്‌സിന് മാത്രമാണ് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത്. ജോ റൂട്ട് (5), ബെന്‍ ഫോക്‌സ് (6), റെഹാന്‍ അഹമ്മദ് (6), ടോം ഹാര്‍ട്‌ലി (21), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷൊയ്ബ് ബഷീര്‍ (8) പുറത്താവാതെ നിന്നു. 

ഇന്നലെ 179 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാള്‍ 278 പന്തിലാണ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ചത്. ഷൊയ്ബ് ബഷീര്‍ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സും ഫോറും പറത്തിയാണ് യശസ്വി ഡബിള്‍ സെഞ്ചുറിയിലെത്തിയത്. 19 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിംഗ്‌സ്. 290 പന്തില്‍ 209 റണ്‍സടിച്ച യശസ്വിയെ ആന്‍ഡേഴ്‌സന്റെ പന്തില്‍ ജോണി ബെയര്‍‌സ്റ്റോ ക്യാച്ചെടുത്ത് പുറത്താക്കിയതോടെ രണ്ടാം ദിനം 336-6 എന്ന സ്‌കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു.ആദ്യ മണിക്കൂറില്‍ സ്‌കോര്‍ 350 കടന്നതിന് പിന്നാലെ അശ്വിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. 20 റണ്‍സെടുത്ത അശ്വിനെ ആന്‍ഡേഴ്‌സണ്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

രണ്ടാം ദിനം തുടക്കത്തിലെ ന്യൂബോള്‍ എടുക്കാനുള്ള ഇംഗ്ലണ്ട് നായകന്റെ ബെന്‍ സ്റ്റോക്‌സിന്റെ തന്ത്രമാണ് ഫലം കണ്ടത്. ന്യൂബോളില്‍ മികച്ച സ്വിംഗ് കണ്ടെത്തിയ ആന്‍ഡേഴ്‌സണ്‍ അശ്വിനെയും യശസ്വിയെയും പരീക്ഷിച്ചു. ഒരു തവണ ആന്‍ഡേഴ്‌സന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ നിന്ന് രക്ഷപ്പെട്ട യശസ്വി പക്ഷെ ഡബിള്‍ സെഞ്ചുറിക്ക് പിന്നാലെ ആന്‍ഡേഴ്‌സണെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെ ബുമ്രയെ(6) റെഹാന്‍ അഹമ്മദും, മുകേഷ് കുമാറിനെ(0) ഷൊയ്ബ് ബഷീറും വീഴ്ത്തിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു.

ഇന്ത്യയില്‍ ഒരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാനില്ല റെക്കോര്‍ഡ്! ഇംഗ്ലണ്ടിനെതിരെ ചരിത്രമെഴുതി ജയ്‌സ്വാള്‍

Latest Videos
Follow Us:
Download App:
  • android
  • ios