വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്കിടയിലും തല ഉയര്‍ത്തിപ്പിടിച്ച് കോലിപ്പട. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടാണ് പരമ്പര നടക്കുന്നത്. ചാംപ്യന്‍ഷില്‍ ഇന്ത്യ ആദ്യമായിട്ടാണ് തോല്‍വി അറിയുന്നത്. അതും എട്ട് മത്സരങ്ങള്‍ക്ക് ശേഷം. ഇന്ത്യക്ക് പിന്നിലുള്ള ഓസ്‌ട്രേലിയയേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ. ആറ് ടീമുകള്‍ ചാംപ്യന്‍ഷിപ്പിലെ ആദ്യ ടെസ്റ്റില്‍ തന്നെ തോല്‍വി അറിഞ്ഞു. 

ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എട്ട് മത്സരങ്ങളില്‍ ഏഴ് ജയം സ്വന്തമാക്കിയ ഇന്ത്യക്ക് 360 പോയിന്റാണുള്ളത്. കോലിപ്പടയുടെ അപരാജിത കുതിപ്പിനാണ് ഇന്ന് വിരാമമായത്. ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. പത്ത് ടെസ്റ്റുകളില്‍ ഏഴ് ജയം സ്വന്തമാക്കിയ ഓസീസ് 296 പോയിന്റോടെ രണ്ടാം സ്ഥാനത്താണ.് രണ്ട് തോല്‍വിയും ഒരു സമനിലയും ഓസീസിന്റെ അക്കൗണ്ടിലുണ്ട്. മൂന്നാം ടെസ്റ്റ് കളിക്കുമ്പോഴാണ് ഓസീസ് ചാംപ്യന്‍ഷിപ്പിലെ ആദ്യ തോല്‍വി അറിയുന്നത്.

ശ്രീലങ്ക രണ്ടാം ടെസ്റ്റില്‍ തോല്‍വി അറിഞ്ഞു. നാല് മത്സരങ്ങളില്‍ ഒരു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമാണ് ലങ്കയ്ക്ക്. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടിരുന്നു. ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്നതാണ് ഇത്രയും ടെസ്റ്റിലെ വിജയങ്ങള്‍.

പോയിന്റ് പട്ടികയില്‍ ഓസ്‌ട്രേലിയ മാത്രമാണ് ഇന്ത്യക്ക് ഭീഷണിയായുള്ളത്. ഒമ്പത് മത്സരങ്ങളില്‍ അഞ്ച് ജയമുള്ള ഇംഗ്ലണ്ട് 146 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാകിസ്ഥാന്‍ 140 പോയിന്റോടെ നാലാമതുണ്ട്. ആറ് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള ന്യൂസിലന്‍ഡ് അഞ്ചാം സ്ഥാനത്തുണ്ട്. 120 പോയിന്റാണ് അവര്‍ക്കുള്ളത്.