ധാക്ക: ഇന്ത്യക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകള്‍ക്ക് തൊട്ടു മുമ്പ് സമര പ്രഖ്യാപനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍. കളിക്കാര്‍ ഉന്നയിച്ച 11 ആവശ്യങ്ങള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിച്ചാല്‍ മാത്രമെ വീണ്ടും രാജ്യത്തിനായി കളിക്കാനിറങ്ങു എന്നാണ് കളിക്കാരുടെ നിലപാട്. അതുവരെ ഒരു മത്സരത്തിലും കളിക്കില്ലെന്നും കളിക്കാര്‍ നിലപാടെടുത്തു. ഇതോടെ അടുത്തമാസം ആദ്യം നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലായി.

സീനിയര്‍ താരവും ക്യാപ്റ്റനുമായ ഷാക്കിബ് അല്‍ ഹസന്‍, തമീം ഇക്ബാല്‍, മഹമ്മദുള്ള, മുഷ്ഫിഖുര്‍ റഹീം എന്നീ സീനിയര്‍ താരങ്ങള്‍ ചേര്‍ന്ന് വാര്‍ത്താസമ്മേളനത്തിലാണ് കളിക്കാരുടെ സമരം പ്രഖ്യാപിച്ചത്. ഇവര്‍ക്കൊപ്പം അമ്പതോളം താരങ്ങളാണ് സമരരംഗത്തുള്ളത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്ന താരങ്ങള്‍ക്കുള്‍പ്പെടെയുള്ളവരുടെ പ്രതിഫലം വര്‍ധിപ്പിക്കണമെന്നും ധാക്ക പ്രീമിയര്‍ ലീഗിലും നാഷണല്‍ ക്രിക്കറ്റ് ലീഗിലും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലുമെല്ലാം മതിയായ പരിശീലന സൗകര്യങ്ങളൊരുക്കണമെന്നുമാണ് കളിക്കാരുടെ പ്രധാന ആവശ്യം. ഇതിന് പുറമെ പ്രാദേശിക പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവര്‍ക്ക് ഇപ്പോഴും തുച്ഛമായ വേതനം മാത്രമാണ് ലഭിക്കുന്നതെന്നും അവര്‍ക്ക് മതിയായ പ്രതിഫലം ഉറപ്പാക്കണമെന്നും കളിക്കാര്‍ ആവശ്യപ്പെട്ടു.

ബംഗ്ലാദേശിലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ക്ക് ഇപ്പോള്‍ മാച്ച് ഫീയായി 35000 ബംഗ്ലാദേശി ടാക്കയും ദിവസ അലവന്‍സായി 1500 ടാക്കയുമാണ് ലഭിക്കുന്നത്. മാച്ച് ഫീ ഒരു ലക്ഷമാക്കണമെന്നാണ് കളിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ബംഗ്ലാദേശ് കളിക്കാരുടെ സമരത്തെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കരുതലോടെയാണ് പ്രതികരിച്ചത്. ഇത് ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യമാണെന്നാണ് ബിസിസിഐയുടെ നിലപാട്.  ഇന്ത്യക്കെതിരാ മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ബംഗ്ലാദേശ് കളിക്കുന്നത്.