അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മോശം തുടക്കം. ഓപ്പണര്‍മാരായ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും പുറത്തായി. പിങ്ക് പന്തില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ഓസീസ് പേസാക്രമണത്തില്‍ തുടക്കത്തിലെ വിറച്ച ഇന്ത്യ ആദ്യ സെഷന്‍ പൂര്‍ത്തിയായപ്പോള്‍ 25 ഓവറില്‍ 41-2 എന്ന നിലയിലാണ്. ചേതേശ്വര്‍ പൂജാരയും(17*), വിരാട് കോലിയുമാണ്(5*) ക്രീസില്‍. 

ബാറ്റിംഗ് ഷോയില്ലാതെ ഷാ

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്കായി പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. പിങ്ക് പന്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതിന്‍റെ റെക്കോര്‍ഡുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി പന്തെടുത്തു. ഒന്നിംഗ്‌സിലെ രണ്ടാം പന്തില്‍ തന്നെ പൃഥ്വി ഷായെ അക്കൗണ്ട് തുറക്കും മുമ്പ് സ്റ്റാര്‍ക്ക് പറഞ്ഞയച്ചു. മികച്ച ലെങ്തില്‍ വന്ന പന്തില്‍ ഇന്‍സൈഡ് എഡ്ജായി ബൗള്‍ഡാവുകയായിരുന്നു ഷാ. 

19-ാം ഓവറിലെ ആദ്യ പന്തില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കി പാറ്റ് കമ്മിന്‍സ് ഓപ്പണര്‍മാരുടെ മടക്കം പൂര്‍ണമാക്കി. ഗുഡ് ലെങ്‌തില്‍ വന്ന ഇന്‍ സ്വിങര്‍ പ്രതിരോധിക്കുന്നതില്‍ മായങ്കിന് പാളുകയായിരുന്നു. പന്ത് പാഡിനും ബാറ്റിനും ഇടയിലൂടെ ബെയ്‌ല്‍സ് തെറിപ്പിച്ചു. 40 പന്തില്‍ 17 റണ്‍സ് മാത്രമാണ് മായങ്കിന് നേടാനായത്. 

ഗ്രീനിന് ബാഗി ഗ്രീന്‍

ഇന്ത്യ അന്തിമ ഇലവനെ മത്സരത്തിന് തലേദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഓസ്‌ട്രേലിയ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് അരങ്ങേറ്റത്തിന് അവസരം നല്‍കി. ഗ്രീനിന് ബാഗി ഗ്രീന്‍ ക്യാപ്പ് പാറ്റ് കമ്മിന്‍സ് കൈമാറി. ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ ജോ ബേണ്‍സും മാത്യൂ വെയ്‌ഡുമാണ് ഓപ്പണര്‍മാരെന്ന് നായകന്‍ പെയ്‌ന്‍ വ്യക്തമാക്കി.

വിമര്‍ശനങ്ങളില്‍ പാഠം പഠിക്കാത്ത പൃഥ്വി ഷാ; അഡ്‌ലെയ്‌ഡിലും പതിവ് ആവര്‍ത്തിച്ചു- വീഡിയോ