അഡ്‌‌ലെയ്‌ഡ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുമ്പ് ഓസ്‌ട്രേലിയന്‍ ടീമിന് കൂടുതല്‍ ആശങ്ക സമ്മാനിച്ച് സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ പരിക്ക്. അഡ്‌ലെയ്‌ഡ് ഓവലില്‍ പുറംവേദന കാരണം പരിശീലനം പൂര്‍ത്തിയാക്കാതെ സ്‌മിത്ത് മടങ്ങി. 

പരിശീലനത്തിനിടെ പന്തെടുക്കാനായി കുനിഞ്ഞപ്പോഴാണ് സ്‌മിത്തിന് പുറംവേദന അനുഭവപ്പെട്ടത്. താരം തുടര്‍ന്ന് നെറ്റ്‌സില്‍ പരിശീലനം നടത്താതെ ഫിസിയോയ്‌ക്കൊപ്പം ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ മത്സരത്തിന്‍റെ തലേദിവസമായ നാളെ വൈകിട്ട് സ്‌മിത്ത് പരിശീലനത്തിനെത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ടെസ്റ്റ് ബാറ്റ്സ്‌മാന്‍മാരിലെ നമ്പര്‍ വണ്‍ താരവും ഓസ്‌ട്രേലിയന്‍ സ്‌ക്വാഡിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാനുമാണ് സ്റ്റീവ് സ്‌മിത്ത്. 

ക്യാച്ചെടുക്കുന്നതിനിടെ സഹതാരത്തെ തല്ലാനോങ്ങിയ സംഭവം; മാപ്പ് പറഞ്ഞ് മുഷ്ഫീഖുര്‍ റഹീം

ഇപ്പോള്‍ തന്നെ പരിക്കിന്‍റെ വലിയ ആശങ്ക ഓസ്‌ട്രേലിയയെ വലയ്‌ക്കുകയാണ്. പരിക്കേറ്റ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അഡ്‌ലെയ്‌ഡില്‍ പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കില്ല. ഇതോടെ നാലാം നമ്പറിലെ സ്‌മിത്തിന്‍റെ പ്രകടനം ഓസ്‌ട്രേലിയക്ക് നിര്‍ണായകമാണ്. സന്നാഹ മത്സരത്തിനിടെ ബൗണ്‍സറേറ്റ് പരിക്കേറ്റ സെന്‍സേഷന്‍ വില്‍ പുകോ‌വ്‌സ്‌കിയും അഡ്‌ലെയ്‌ഡില്‍ കളിക്കില്ല. പുകോവ്‌സ്‌കിക്ക് പകരക്കാരനായി മാര്‍ക്കസ് ഹാരിസിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

സന്നാഹ മത്സരത്തിനിടെ ജസ്‌പ്രീത് ബുമ്രയുടെ ഷോട്ട് മുഖത്ത് പന്ത് കൊണ്ട് പരിക്കേറ്റ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് കളിക്കാനാകുമോ എന്നതും ആശങ്കയിലാണ്. എന്നാല്‍ ഫിറ്റ്‌നസും കണ്‍കഷന്‍ പ്രോട്ടോക്കോളും വിജയിച്ചാല്‍ ഗ്രീന്‍ ഉറപ്പായും ഇലവനിലെത്തും എന്ന് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. ടെസ്റ്റ് അരങ്ങേറ്റം കുറിക്കാനാണ് ഗ്രീന്‍ കാത്തിരിക്കുന്നത്. 

ഇന്ത്യന്‍ ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത; രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു