കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്‍റി 20ക്ക് മുന്‍പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരമ്പരയിലെ അവസാന രണ്ട് മത്സരത്തിലും കളിക്കില്ല.

ആദ്യ ട്വന്‍റി 20ക്കിടെ ഹെൽമറ്റിൽ പന്ത് കൊണ്ട ജഡേജയ്ക്ക് പകരം കൺകഷന്‍ സബ്സ്റ്റിറ്റൂട്ടായി ചഹലാണ് ഫീല്‍ഡിംഗിന് ഇറങ്ങിയത്. മികച്ച ഫോമിലായിരുന്ന ജഡേജയുടെ അഭാവം ഡെത്ത് ഓവറില്‍ ഇന്ത്യന്‍ ബാറ്റിംഗിന് ക്ഷീണമാകും. ജഡേജയ്ക്ക് പകരം ഷാര്‍ദുല്‍ താക്കൂറിനെ ടീമിൽ ഉള്‍പ്പെടുത്തിയതായി ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഓസീസിനെതിരായ ആദ്യ ടി20യില്‍ ടീം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ജഡേജയുടെ ബാറ്റിംഗ് വെടിക്കെട്ടായിരുന്നു. ഏഴാമനായി ക്രീസിലെത്തിയ താരം 23 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 44 റണ്‍സെടുത്തു. ഇതോടെ ഇന്ത്യ 161 എന്ന സുരക്ഷിത സ്‌കോറില്‍ എത്തുകയായിരുന്നു. മത്സരം 11 റണ്‍സിന് ഇന്ത്യ ജയിച്ചപ്പോള്‍ നിര്‍ണായകമായത് ജഡേജയുടെ കൂടി മികവാണ്. 

ജ‍ഡേജ ഓള്‍റൗണ്ടറും ചാഹല്‍ ബൗളറുമാണ്; ഇന്ത്യയുടെ കണ്‍കഷനില്‍ പരാതിയുമായി ഓസീസ് ഓള്‍റൗണ്ടര്‍