പരിക്കേറ്റ രവീന്ദ്ര ജ‍ഡേജയുടെ അഭാവം ഡെത്ത് ഓവറുകളില്‍ ക്ഷീണമാകും. മുന്‍നിര ബാറ്റ്സ്മാന്മാര്‍ക്ക് അതിവേഗം റൺസ് കണ്ടെത്തേണ്ട ബാധ്യത കൂടിയാണ് ജഡേജയുടെ പരിക്കിലൂടെ തുറക്കുന്നത്. 

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് സിഡ്നിയിൽ നടക്കും. ആദ്യ ട്വന്റി 20യിലെ ജയം ആവര്‍ത്തിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.40ന് മത്സരം തുടങ്ങും. 

കഴിഞ്ഞ 10 ട്വന്‍റി 20യിലും തോൽവി അറിഞ്ഞിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാകും കോലിപ്പട ഇറങ്ങുക. പരിക്കേറ്റ രവീന്ദ്ര ജ‍ഡേജയുടെ അഭാവം ഡെത്ത് ഓവറുകളില്‍ ക്ഷീണമാകും. മുന്‍നിര ബാറ്റ്സ്മാന്മാര്‍ക്ക് അതിവേഗം റൺസ് കണ്ടെത്തേണ്ട ബാധ്യത കൂടിയാണ് ജഡേജയുടെ പരിക്കിലൂടെ തുറക്കുന്നത്. 

ശ്രേയസ് അയ്യര്‍ തിരിച്ചുവന്നാലും സഞ്ജു സാംസൺ മധ്യനിരയിൽ തുടര്‍ന്നേക്കും. ജഡേജയ്ക്ക് പകരം ചഹലിനെ ആദ്യ ഇലവനില്‍ പ്രതീക്ഷിക്കാം. ബുംറ, ഷമി എന്നിവരിലൊരാള്‍ക്ക് വിശ്രമം നൽകാനും സാധ്യതയുണ്ട്. 

നായകന്‍റെ പങ്കാളിത്തത്തിൽ ഉറപ്പില്ലാതെയാണ് ഓസ്‌ട്രേലിയയുടെ സന്നാഹം. ആരോൺ ഫിഞ്ചിന്‍റെ പരിക്ക് സാരമുള്ളതെങ്കില്‍ പുതിയ ക്യാപ്റ്റനെയും കണ്ടെത്തേണ്ടിവരും ഓസ്‌ട്രേലിയക്ക്. ടീമില്‍ പുതുതായി ഉള്‍പ്പെടുത്തിയ സ്‌പിന്നര്‍ നേതന്‍ ലയണിനും അവസരം ലഭിച്ചേക്കും.

ഏകദിന പരമ്പരയിൽ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ലാതിരുന്ന പിച്ചായിരുന്നു സിഡ്നിയിൽ. ഓസ്‌ട്രേലിയ കൂറ്റന്‍ സ്കോറിലെത്തി ഇന്ത്യയെ നിലംപരിശാക്കി. എന്നാൽ ട്വന്‍റി 20യിൽ ആര്‍ക്കും മുന്നേറ്റം എളുപ്പമാകില്ലെന്ന് ഉറപ്പ്. 

നടരാജനൊപ്പം യോര്‍ക്കര്‍ പൂരമൊരുക്കാന്‍ ബുമ്രയെത്തും, സഞ്ജു തുടരും; രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം