ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യന്‍ ഉപനായകന്‍ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പ് ഗംഭീരമാക്കി
ലിങ്കണ്‍: ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്‍പ് ടീം ഇന്ത്യക്ക് ആശ്വാസമായി ഉപനായകന്‍ അജിങ്ക്യ രഹാനെയുടെ ഫോം. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്‌ക്കായി സെഞ്ചുറി നേടി രഹാനെ തയ്യാറെടുപ്പ് ഗംഭീരമാക്കി. ലിങ്കണില്‍ രഹാനെ 148 പന്തില്‍ 101 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 15 ബൗണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്.
രഹാനെ-ഗില്‍ സെഞ്ചുറി; ഇന്ത്യക്ക് സമനില
ലിങ്കണില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് എ ഒന്‍പത് വിക്കറ്റിന് 386 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തു. മുന്‍നിര തിളങ്ങിയ മറുപടി ബാറ്റിംഗില്‍ ഇന്ത്യ എ 467-5 എന്ന സ്‌കോറില്‍ നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ആദ്യ അഞ്ച് ബാറ്റ്സ്‌മാന്‍മാരും അമ്പത് റണ്‍സ് പിന്നിട്ടു. രഹാനെയുടെ സെഞ്ചുറിക്ക് പുറമെ ശുഭ്‌മാന്‍ ഗില്‍ 136 ഉം ഹനുമ വിഹാരി 59 ഉം ചേതേശ്വര്‍ പൂജാര 53 ഉം വിജയ് ശങ്കര്‍ 66 ഉം റണ്‍സ് നേടി.
രണ്ട് ചതുര്‍ദിന മത്സരങ്ങളും സമനിലയിലായതോടെ പരമ്പര 0-0ന് അവസാനിച്ചു. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്‌ക്ക് ഫെബ്രുവരി 21ന് വെല്ലിംഗ്‌ടണില്‍ തുടക്കമാകും.
ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്:വിരാട് കോലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ഇശാന്ത് ശര്‍മ്മ.
