ഓക്‌ലന്‍ഡ്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്‍റി 20 പരമ്പരക്ക് ഇന്ന് തുടക്കം. ഓക്‌ലന്‍ഡിൽ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.20നാണ് ആദ്യ മത്സരം. ഇന്ത്യ ഓസ്‌ട്രേലിയയെ തോൽപ്പിച്ചും ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയയോട് തോറ്റുമാണ് പോരാട്ടത്തിന് ഇറങ്ങുന്നത്. 

കളിക്കുമോ സഞ്ജു സാംസണ്‍?

ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയ ശേഷം ഇരുടീമുകളും മുഖാമുഖം വരുന്നതാദ്യം. കെ എൽ രാഹുല്‍ കീപ്പറാകുമെന്ന് ഉറപ്പായതോടെ അഞ്ചാം നമ്പറിലേക്ക് മനീഷ് പാണ്ഡേയും സഞ്ജു സാംസണും തമ്മിലാകും മത്സരം. ശ്രീലങ്കയ്‌ക്കെതിരായ അവസാന ട്വന്‍റി 20യിൽ അഞ്ച് ബൗളര്‍മാരെ മാത്രമാണ് ഉള്‍പ്പെടുത്തിയതെങ്കിലും ഈഡന്‍ പാര്‍ക്കിൽ ബൗണ്ടറികളിലേക്കുള്ള ദൂരം കുറവായതിനാൽ ആറാമതൊരു ബൗളറെ പ്രതീക്ഷിക്കാം. 

രവീന്ദ്ര ജഡേജ, ശിവം ദുബേ, വാഷിംഗ്ടൺ സുന്ദര്‍ എന്നിവരില്‍ രണ്ട് പേര്‍ക്ക് സാധ്യതയുണ്ട് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകര്‍ന്നടിഞ്ഞ ന്യൂസിലന്‍ഡും നായകന്‍ കെയ്‌ന്‍ വില്ല്യംസണും കടുത്ത സമ്മര്‍ദ്ദത്തിലെന്നാണ് വിലയിരുത്തൽ. എങ്കിലും നാട്ടിലെ ഗ്രൗണ്ടുകളില്‍ ഒറ്റയ്‌ക്ക് കളി ജയിപ്പിക്കാനാകുന്ന കളിക്കാരുടെ സാന്നിധ്യം ന്യൂസിലന്‍‍ഡിന് പ്രതീക്ഷ നൽകും. 

ഇന്ത്യന്‍ സ്‌ക്വാഡ്

വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, സഞ്‌ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ശാര്‍ദുല്‍ ഠാക്കൂര്‍.  

ന്യൂസിലന്‍ഡ് സ്‌ക്വാഡ് 

കെയ്‌ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ഹാമിഷ് ബെന്നറ്റ്, ടോം ബ്രൂസ്, കോളിന്‍ ഡി ഗ്രാന്‍ഹോം, മാര്‍ട്ടിന്‍ ഗപ്ടില്‍, സ്കോട്ട് കുഗ്ലെജന്‍, ഡാരില്‍ മിച്ചല്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ബ്ലെയര്‍ ടിക്‌നര്‍, മിച്ചല്‍ സാന്റ്നര്‍, ടിം സീഫര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി.