ക്രൈസ്റ്റ്‌ചര്‍ച്ച്: മോശം ഫോമിന് വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ പിന്തുണച്ച് ഇതിഹാസ താരം കപില്‍ദേവ്. ഒട്ടേറെ തവണ മികവ് തെളിയിച്ചിട്ടുള്ള ബുമ്ര ഉടന്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് കപില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം ഫോമിലുള്ള കെ എല്‍ രാഹുലിനെ ടെസ്റ്റ് ടീമിലെടുക്കാത്തതിനെ കപില്‍ ദേവ് വിമര്‍ശിച്ചു. 

'പരിക്കില്‍ നിന്ന് മോചിതനായ ഒരു താരത്തിന് ഫോമിലെത്താന്‍ സമയമെടുക്കും. വലിയ ടൂര്‍ണമെന്‍റുകളില്‍ മികവ് തെളിയിച്ചിട്ടുള്ള ബുമ്രക്ക് ഫോം വീണ്ടെടുക്കാന്‍ ഏറെ സമയം വേണ്ടിവരില്ല. ഒരു ഇന്നിംഗ്‌സ് മതി ബാറ്റ്സ്‌മാന്‍മാര്‍ക്ക് ഫോമിലെത്താന്‍ എന്ന് പറയാറുണ്ട്. എന്നാല്‍ ബൗളര്‍മാരെ സംബന്ധിച്ച് ഒരു മികച്ച സ്‌പെല്ലും വിക്കറ്റുകളും വേണം' എന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. 

ബുമ്രയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ കഴിഞ്ഞ ആഴ്‌ച രംഗത്തെത്തിയിരുന്നു. ബുമ്ര പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയതേയുള്ളൂ എന്ന് ഏവരും തിരിച്ചറിയണം എന്നായിരുന്നു നെഹ്‌റയുടെ വാക്കുകള്‍. എല്ലാ പരമ്പരയിലും ഒരു താരത്തിനും മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിയില്ലെന്നും അദേഹം വ്യക്തമാക്കി. കിവീസിനെതിരായ ഏകദിന പരമ്പരയില്‍ വിക്കറ്റൊന്നും നേടാന്‍ കഴിയാതിരുന്നതാണ് ബുമ്രയെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. 

എന്തുകൊണ്ട് രാഹുല്‍ ടീമിലില്ല?

കിവീസിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ കെ എല്‍ രാഹുലിനെ കളിപ്പിക്കാതിരുന്നതിനെ കുറിച്ച് കപില്‍ ദേവിന്‍റെ പ്രതികരണമിങ്ങനെ. 'അതിന് ഉത്തരം പറയേണ്ടത് ടീം മാനേജ്‌‌മെന്‍റാണ്. ഞങ്ങള്‍ കാണുന്നത് വളരെ വ്യത്യസ്തമായ കാഴ്‌ചയാണ്. സെലക്‌ടര്‍മാര്‍ ഒട്ടേറെ കാര്യങ്ങള്‍ പരിശോധിക്കാനുണ്ട്. ഫോമിലുള്ള ബാറ്റ്സ്‌മാന്‍മാരെ കളിപ്പിക്കുക എന്ന ശൈലിയാണ് ഞങ്ങളുടെ സമയത്തുണ്ടായിരുന്നത്. എന്നാല്‍ ഇത് പുതുനിരയാണ്, അവര്‍ക്ക് അവരുടേതായ സെലക്ഷന്‍ രീതികളുണ്ട്' എന്നും ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിത്തന്ന നായകന്‍ വ്യക്തമാക്കി. 

മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗിൽ എന്നിവരാണ് നിലവില്‍ ടെസ്റ്റ് ടീമിലെ ഓപ്പണർമാർ. മായങ്ക്-ഷാ സഖ്യത്തിന് ആദ്യ ടെസ്റ്റ് കടുത്ത നിരാശയായി. വെല്ലിംഗ്‌ടണില്‍ രണ്ടിന്നിംഗ്‌സിലുമായി 30 റണ്‍സ് മാത്രമാണ് പൃഥ്വി ഷായ്‌ക്ക് നേടാനായത്. മായങ്ക് നേടിയത് 92 റണ്‍സും. ഇന്ത്യ എ ടീമിനായി വമ്പന്‍ പ്രകടനം പുറത്തെടുത്ത് സീനിയര്‍ ടീമിലെത്തിയ ശേഷമാണ് ശുഭ്‌മാന്‍ ഗില്‍ പുറത്തിരിക്കുന്നത്.