വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡില്‍ ചരിത്രം തിരുത്തിക്കുറിക്കുകയാണ് ടീം ഇന്ത്യ. വിരാട് കോലിയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ആദ്യ ടി20 പരമ്പര വിജയം ടീം ഇതിനകം നേടിക്കഴിഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ 4-0ന് വമ്പന്‍ ലീഡുമായി മുന്നേറുകയാണ്. അവിടംകൊണ്ടൊന്നും ടീം ഇന്ത്യയുടെ ആഗ്രഹങ്ങള്‍ അവസാനിക്കുന്നില്ല.

ന്യൂസിലന്‍ഡിനെതിരെ 5-0ന്‍റെ വൈറ്റ്‌വാഷാണ് ടീം ലക്ഷ്യമിടുന്നതെന്ന് മധ്യനിര ബാറ്റ്സ്‌മാന്‍ മനീഷ് പാണ്ഡെ വ്യക്തമാക്കി. അവസാന പന്തുവരെ പൊരുതുകയാണ് തങ്ങളുടെ നയമെന്നും പാണ്ഡെ പറഞ്ഞു.  

'എത്ര പവര്‍പ്ലേ വന്നാലും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല'

'അവസാന പന്തുവരെ പൊരുതുക എന്നതാണ് നയം. അത് ഞങ്ങളുടെ ആപ്തവാക്യമാണ്. ഈ രണ്ട് മത്സരങ്ങളില്‍ മാത്രമല്ല, ഒരു മത്സരവും ഞങ്ങള്‍ വിട്ടുകൊടുക്കില്ല. ഈയൊരു ലക്ഷ്യത്തോടെ കളിച്ചാല്‍ സൂപ്പര്‍ ഓവര്‍ ആയാലും എല്ലാ മത്സരങ്ങളും വിജയിക്കാനാകും. പരമ്പരയില്‍ 5-0ന്‍റെ ജയം നേടാനായാല്‍ അത് അവിസ്‌മരണീയമാകും. അഞ്ചാം മത്സരത്തിന് ഒരുങ്ങുമ്പോള്‍ അതാണ് ലക്ഷ്യമിടുന്നത്. മറ്റൊരു ടീമും, പ്രത്യേകിച്ച് ഇന്ത്യ മുന്‍പ് ഈ നേട്ടം ആവര്‍ത്തിച്ചിട്ടില്ല. അതിനാല്‍ ടീം ഇന്ത്യക്ക് ഈ വിജയം വലിയ മുതല്‍ക്കൂട്ടാകും' എന്നും മനീഷ് പാണ്ഡെ പറഞ്ഞു. 

പേസര്‍ ശാര്‍ദുല്‍ ഠാക്കുറിന്‍റെ പ്രകടനത്തെ പാണ്ഡ്യ പ്രശംസിച്ചു. 'ഞങ്ങള്‍ക്ക് മികച്ച ബൗളര്‍മാരുണ്ട്, വെല്ലിംഗ്‌ടണില്‍ ശാര്‍ദുല്‍ അവസാന ഓവര്‍ മനോഹരമായി എറിഞ്ഞു. ശാര്‍ദുലിന്‍റെ പ്രകടനമാണ് മത്സരം സൂപ്പര്‍ ഓവറിലെത്തിച്ചത്' എന്നും മനീഷ് പാണ്ഡെ പറഞ്ഞു. ശാര്‍ദുല്‍ എറിഞ്ഞ അവസാന ഓവറില്‍ നാല് വിക്കറ്റ് വീണതോടെയാണ് നാലാം ടി20 സമനിലയിലായത്. പിന്നാലെ സൂപ്പര്‍ ഓവറില്‍ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ 4-0ന് പരമ്പരയില്‍ ലീഡ് നേടുകയായിരുന്നു. 36 പന്തില്‍ പുറത്താകാതെ 50 റണ്‍സെടുത്ത് പാണ്ഡെയും മത്സരത്തില്‍ തിളങ്ങിയിരുന്നു.