രഞ്ജി ട്രോഫിക്കിടെ കാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റ സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്‌ക്ക് ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ കളിക്കാനാകൂ
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. പരിക്കേറ്റ ഓപ്പണര്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ടീമില്‍ നിന്നും പുറത്തായപ്പോള്‍ യുവതാരം പൃഥ്വി ഷായുടെ മടങ്ങിവരവ് ശ്രദ്ധേയമാണ്. മറ്റ് ഓപ്പണര്‍മാരായി മായങ്ക് അഗര്‍വാളും ശുഭ്‌മാന്‍ ഗില്ലും ടീമിലുണ്ട്. വിരാട് കോലി നയിക്കുന്ന ടീമിന്‍റെ ഉപനായകനായി അജിങ്ക്യ രഹാനെയെ നിലനിര്‍ത്തി.
രഞ്ജി ട്രോഫിക്കിടെ കാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റ സീനിയര്‍ പേസര്‍ ഇശാന്ത് ശര്‍മ്മയ്‌ക്ക് ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ കളിക്കാനാകൂ. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ് ഇശാന്ത്. വിക്കറ്റ് കീപ്പര്‍മാരായി വെറ്ററന്‍ താരം വൃദ്ധിമാന്‍ സാഹയെയും യുവതാരം ഋഷഭ് പന്തിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 21നാണ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്:വിരാട് കോലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ഇശാന്ത് ശര്‍മ്മ.
ഏകദിന ടീമിലും ഹിറ്റ്‌മാനില്ല
രോഹിത്തിനെ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഏകദിനത്തില്‍ മായങ്ക് അഗര്‍വാളാണ് രോഹിത്തിന്‍റെ പകരക്കാരന്‍. കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തിലാണ് മായങ്ക് ഇന്ത്യക്കായി ഏകദിനങ്ങളില്‍ അരങ്ങേറിയത്. രോഹിത്തിന്‍റെയും ശിഖര്‍ ധവാന്‍റെയും അസാന്നിധ്യത്തില്‍ പൃഥ്വി ഷായ്‌ക്ക് ഏകദിന അരങ്ങേറ്റത്തിന് അവസരമൊരുങ്ങിയേക്കും. കെ എല്‍ രാഹുലിനൊപ്പമാകും ഷാ ഓപ്പണ്‍ ചെയ്യുക.
ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് രോഹിത്തിന് തുടയില്‍ പേശിവലിവ് അനുഭവപ്പെട്ടത്. ബാറ്റിംഗ് പാതിവഴിക്ക് നിര്‍ത്തി മടങ്ങിയ രോഹിത് പിന്നീട് ഫീല്‍ഡ് ചെയ്യാനിറങ്ങിയിരുന്നില്ല. രോഹിത്തിന് പകരം കെ എല്‍ രാഹുലാണ് ഇന്ത്യയെ പിന്നീട് നയിച്ചത്.
