വെല്ലിംഗ്‌ടണ്‍: റണ്‍മെഷീന്‍, സെഞ്ചുറിവീരന്‍ എന്നൊക്കെ വിശേഷണമുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ സമീപകാല ഫോം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ 20 ഇന്നിംഗ്‌‌സിലും കോലിക്ക് സെഞ്ചുറി നേടാനായില്ല. വെല്ലിംഗ്‌ടണ്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്‌സിലും ചെറിയ സ്‌കോറില്‍ പുറത്തായതോടെ കിംഗ് കോലിക്കെതിരെ വിമര്‍ശനങ്ങള്‍ കടുത്തു. ഒടുവില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് കോലി. 

Read more: ബോള്‍ട്ട് ഇളകിയ കോലിപ്പടയെ എറിഞ്ഞിട്ട് സൗത്തി; വെല്ലിംഗ്ടണില്‍ ഇന്ത്യക്ക് നാണംകെട്ട തോൽവി

'ഞാന്‍ വളരെ സന്തുഷ്‌ടനാണ്. നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. എങ്ങനെ ബാറ്റ് ചെയ്യുന്നുവെന്നത് ചിലപ്പോള്‍ സ്‌കോറില്‍ പ്രകടമാകാറില്ല. ഏറെ മത്സരങ്ങളും ദീര്‍ഘകാലവും കളിക്കുമ്പോള്‍ ഉറപ്പായും മൂന്നുനാല് ഇന്നിംഗ്‌സുകള്‍ നന്നായിരിക്കില്ല. പുറത്തുനടക്കുന്ന ചര്‍ച്ചകളെ ഗൗനിക്കുന്നില്ല. കഠിന പരിശ്രമം നടത്തി തിരിച്ചെത്താനും അടുത്ത ടെസ്റ്റില്‍ മികച്ച സംഭാവന നല്‍കാനും മാത്രമാണ് ഉദേശിക്കുന്നത്. ടീം വിജയിക്കുന്നുണ്ടെങ്കില്‍ 40 റണ്‍സ് പോലും മികച്ചതായിരിക്കും. സെഞ്ചുറിക്ക് അവിടെ പ്രധാന്യമില്ല' എന്നും ഇന്ത്യന്‍ നായകന്‍ വെല്ലിംഗ്‌ടണ്‍ ടെസ്റ്റിന് ശേഷം വ്യക്തമാക്കി. 

Read more: 2014ന് ശേഷം ഇതാദ്യം; ബാറ്റിംഗില്‍ വിരാട് കോലിക്ക് വമ്പന്‍ നാണക്കേട്

ന്യൂസിലന്‍ഡിന് എതിരെ വെല്ലിംഗ്‌ടണ്‍ ടെസ്റ്റില്‍ രണ്ടിന്നിംഗ്‌സിലുമായി കോലിക്ക് 21 റണ്‍സ് മാത്രമാണ് നേടാനായത്. കോലി ബാറ്റിംഗില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ 10 വിക്കറ്റിന് തോറ്റിരുന്നു. കഴിഞ്ഞ 20 ഇന്നിംഗ്‌സില്‍ 94*, 19, 70*, 4, 0, 85, 30*, 26, 16, 78, 89, 45, 11, 38, 11, 51, 15, 9, 2, 19 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോര്‍. 2014ന് ശേഷം ഇതാദ്യമായാണ് കോലി 20 ഇന്നിംഗ്‌സുകളില്‍ മൂന്നക്കമില്ലാതെ മടങ്ങുന്നത്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ഒന്‍പത് ഇന്നിംഗ്‌സില്‍ 201 റണ്‍സ് മാത്രമേ കോലിക്കുള്ളൂ.