ദില്ലി: വിക്കറ്റെടുക്കാനാകാത്തതില്‍ കടുത്ത വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ പിന്തുണച്ച് മുന്‍താരം ആശിഷ് നെഹ്‌റ. ബുമ്ര പരിക്കില്‍ നിന്ന് തിരിച്ചുവന്നതാണെന്നും എല്ലാ പരമ്പരയിലും ഒരേ പ്രകടനം പ്രതീക്ഷിക്കരുത് എന്നും നെഹ്‌റ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി. 

'എല്ലാ പരമ്പരയിലും ബുമ്ര നന്നായി പന്തെറിയും എന്ന് പ്രതീക്ഷിക്കരുത്. അദേഹം പരിക്കില്‍ നിന്ന മോചിതനായി തിരിച്ചെത്തിയതേ ഉള്ളൂ എന്ന് മനസിലാക്കണം. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ എന്നും മികച്ച പ്രകടനം പുറത്തെടുക്കുക പ്രയാസകരമാണ്. വിരാട് കോലി പോലും ന്യൂസിലന്‍ഡില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു എന്നോര്‍ക്കണം' എന്നും നെഹ്‌റ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ ഒരു വിക്കറ്റ് പോലും നേടാനാകാതെ പോയതാണ് ബുമ്രയെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. 

ടീം ഇന്ത്യക്ക് നെഹ്‌റയുടെ ഉപദേശം

'പ്ലേയിംഗ് ഇലവനെ തെര‍ഞ്ഞെടുക്കുമ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ് കൂടുതല്‍ ശ്രദ്ധിക്കണം. ബുമ്രയെയും ഷമിയെയും മാറ്റിനിര്‍ത്തിയാല്‍ മറ്റ് പേസര്‍മാരുടെ ചുമതല എന്താണെന്ന് കൃത്യമായ ബോധ്യമുണ്ടാവണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ബുമ്രയെയും ഷമിയെയുമാണ് ടീം കൂടുതലായി ആശ്രയിക്കുന്നത്. അത് ബുമ്രയില്‍ വളരെയധികം സമ്മര്‍ദമുണ്ടാക്കുന്നു. ടീം സെലക്ഷനില്‍ വളരെ കുറച്ച് സ്ഥിരത മാത്രമേ ഇപ്പോഴുള്ളൂ'. 

'ടെസ്റ്റില്‍ നിലവിലെ സാഹചര്യത്തില്‍ ഉമേഷ് യാദവിനെക്കാള്‍ നന്നായി കളിക്കാന്‍ നവ്‌ദീപ് സെയ്‌നിക്കാകും. സെയ്‌നി ഇപ്പോള്‍ ടീമിനൊപ്പമുള്ള താരമാണ്. എന്നാല്‍ ഷോര്‍ട്ട് പിച്ച് പന്തുകളാണ് സെയ്നി അധികവും എറിയുന്നത്. മികച്ച പേസില്‍ കുറച്ചുകൂടി നല്ല ലെങ്തില്‍ പന്തെറിയാനാല്‍ വിക്കറ്റ് നേടാനുള്ള സാധ്യത കൂടും' എന്നും നെഹ്‌റ വ്യക്തമാക്കി. ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റുകളാണ് ടീം ഇന്ത്യ കളിക്കുക. ആദ്യ ടെസ്റ്റ് ഫെബ്രുവരി 21ന് തുടക്കമാകും.