ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയില്‍ അവസാന മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ബേ ഓവലില്‍ കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ സഞ്ജു അഞ്ച് പന്തില്‍ രണ്ട് റണ്‍സെടുത്ത് മടങ്ങി. രണ്ടാം ഓവറില്‍ കുഗ്ലെജന്‍റെ മൂന്നാം പന്തില്‍ സാന്‍റ്‌നര്‍ പിടിച്ചാണ് പുറത്തായത്. കെ എല്‍ രാഹുലും നായകന്‍ രോഹിത് ശര്‍മ്മയും ക്രീസില്‍ നില്‍ക്കേ പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റ് നഷ‌്‌ടപ്പെടാതെ 53 റണ്‍സ് ചേര്‍ത്തിട്ടുണ്ട് ഇന്ത്യ. 

പരമ്പരയിലെ അവസാന ടി20യില്‍ ടോസ് നേടിയ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാലാണ് ഹിറ്റ്‌മാന്‍ ടീം ഇന്ത്യയെ നയിക്കുന്നത്. മറ്റ് മാറ്റങ്ങള്‍ പ്ലേയിംഗ് ഇലവനിലില്ല. മലയാളി താരം സഞ്ജു വി സാംസണ് വീണ്ടും ഓപ്പണ്‍ ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു ടീം മാനേജ്‌മെന്‍റ്. വെല്ലിംഗ്‌ടണില്‍ നടന്ന നാലാം ടി20യില്‍ സഞ്ജു എട്ട് റണ്‍സില്‍ പുറത്തായിരുന്നു. ഋഷഭ് പന്തിനെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും പരിഗണിച്ചില്ല. 

നാലിൽ നാലും ജയിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അതേസമയം ആശ്വാസജയത്തിനായാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്. പരുക്കേറ്റ കെയ്ൻ വില്യംസണ് പകരം ടിം സൗത്തിയാണ് കിവീസിനെ ഇന്നും നയിക്കുന്നത്. നാലാം ടി20യില്‍ നിന്ന് മാറ്റങ്ങളൊന്നും ഇലവനിലില്ല. മികച്ച ബാറ്റിംഗ് ട്രാക്കാണ് ബേ ഓവലിലേത്. ഇവിടെ ശരാശരി ആദ്യ ഇന്നിംഗ്സ് സ്‌കോർ 199 ആണ്. അവസാന അഞ്ച് കളിയിലും ഇവിടെ ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ് എന്നതും സവിശേഷതയാണ്. 

ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, രോഹിത് ശര്‍മ്മ(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, നവ്‌ദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര