ഓക്‌ലന്‍ഡ്: രണ്ടാം ടി20യിലും ന്യൂസിലന്‍ഡിനെ തൂത്തെറിഞ്ഞ് ഇന്ത്യന്‍ തേരോട്ടം. ഓക്‌ലന്‍ഡില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ന്യൂസിലന്‍ഡ് വച്ചുനീട്ടിയ 133 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ ഇന്ത്യ നേടി. ഒരിക്കല്‍ കൂടി കെ എല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി. സ്‌കോര്‍: ന്യൂസിലന്‍ഡ്-132/5 (20.0), ഇന്ത്യ-135/3 (17.3).

ആദ്യമൊന്ന് ഞെട്ടി, പിന്നെ അവരെ ഞെട്ടിച്ചു

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് തുടക്കം ശോഭനമായിരുന്നില്ല. ആദ്യ ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെയും ആറാം ഓവറില്‍ നായകന്‍ വിരാട് കോലിയെയും ടിം സൗത്തി പറഞ്ഞയച്ചു. രോഹിത്തിന് എട്ടും കോലിക്ക് 11 റണ്‍സും. ആറ് ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 40 റണ്‍സ്. എന്നാല്‍ ക്രീസില്‍ ഒന്നിച്ച കെ എല്‍ രാഹുലും ശ്രേയസ് അയ്യരും കളി വീണ്ടും ഇന്ത്യയുടെ വരുതിയിലാക്കി. 

രാഹുല്‍ 42 പന്തില്‍ അര്‍ധ സെഞ്ചുറിയിലെത്തി. ആദ്യ ടി20യില്‍ രാഹുല്‍ 56 റണ്‍സെടുത്തിരുന്നു. ആദ്യ ടി20യില്‍ 58 റണ്‍സെടുത്ത് വിജയശില്‍പിയായ ശ്രേയസ് 33 പന്തില്‍ 44 റണ്‍സെടുത്ത് പുറത്തായി. സോധിയുടെ പന്തില്‍ സൗത്തിയുടെ പറക്കും ക്യാച്ചിലായിരുന്നു മടക്കം. എന്നാല്‍ 50 പന്തില്‍ 57 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ സാക്ഷിയാക്കി ശിവം ദുബെ 18-ാം ഓവറിലെ മൂന്നാം പന്ത് ഗാലറിയിലെത്തിച്ച് ജയം ഇന്ത്യയുടേതാക്കി. ദുബെ എട്ട് റണ്‍സ് നേടി.

ഓക്‌ലന്‍ഡില്‍ വീറുകാട്ടി ഇന്ത്യന്‍ ബൗളര്‍മാര്‍

ടോസ് നേടി ബാറ്റിംഗ് തെര‍ഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ കുറഞ്ഞ സ്‌കോറില്‍ തളയ്‌ക്കുകയായിരുന്നു ഇന്ത്യ. കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 132 റണ്‍സാണ് നേടിയത്. ജഡേജ രണ്ടും ബുമ്രയും ദുബെയും ഠാക്കൂറും ഓരോ വിക്കറ്റുകളും നേടി. മാര്‍ട്ടിന്‍ ഗപ്‌ടിലും കോളിന്‍ മണ്‍റോയും ആറ് ഓവറില്‍ 48 റണ്‍സ് ചേര്‍ത്തു. ഗപ്‌ടില്‍ 20 പന്തില്‍ 33 ഉം മണ്‍റോ 25 പന്തില്‍ 26 ഉം റണ്‍സ് നേടി. പിന്നീട് വന്ന ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍മാരെ നിലയുറപ്പിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.

നായകന്‍ കെയ്‌ന്‍ വില്യംസണ്‍ 14 ഉം കോളിന്‍ ഗ്രാന്‍‌ഹോം മൂന്നും റണ്‍സെടുത്ത് മടങ്ങി. കഴിഞ്ഞ മത്സരത്തിലെ നിഴല്‍ മാത്രമായിരുന്നു ഇക്കുറി ടെയ്‌ലര്‍. 24 പന്തില്‍ 18 റണ്‍സെടുത്ത ടെയ്‌ലര്‍ അവസാന ഓവറില്‍ പുറത്തായപ്പോള്‍ സീഫര്‍ട്ട് 33 റണ്‍സുമായി പുറത്താകാതെ നിന്നു.