തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടി.വി.കെ സർക്കാർ അധികാരമേൽക്കുന്ന ദിവസം, ആരാധകർക്ക് പ്രത്യേക നിർദ്ദേശവുമായി ചെന്നൈ സൂപ്പർ കിങ്സ്. ലഖ്‌നൗ സൂപ്പർ ജയൻ്റ്സുമായുള്ള മത്സരത്തിന് രാഷ്ട്രീയ ബാനറുകളോ കൊടികളോ സ്റ്റേഡിയത്തിൽ കൊണ്ടുവരരുതെന്നും ക്രിക്കറ്റിന്റെ ആവേശം മാത്രം ആഘോഷിക്കണമെന്നും സി.എസ്.കെ അഭ്യർത്ഥിച്ചു.
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി.വി.കെ സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിൽ, ആരാധകർക്ക് പ്രത്യേക നിർദ്ദേശവുമായി ചെന്നൈ സൂപ്പർ കിങ്സ്. സ്റ്റേഡിയത്തിനുള്ളിൽ രാഷ്ട്രീയമായ ഒരു ഇടപെടലും പാടില്ലെന്ന് സി.എസ്.കെ മാനേജ്‌മെന്റ് വ്യക്തമാക്കി. നാളെ ലഖ്‌നൗ സൂപ്പർ ജയൻ്സുമായി മത്സരം നടക്കാനിരിക്കെയാണ് ആരാധകരോട് സ്നേഹപൂർവമുള്ള അഭ്യർത്ഥന. നാളെ വൈകിട്ട് മൂന്നരയ്ക്ക് ചെന്നൈ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായോ വ്യക്തിയുമായോ ബന്ധപ്പെട്ട ബാനറുകൾ, കൊടികൾ, ഹോർഡിംഗുകൾ എന്നിവ സ്റ്റേഡിയത്തിനുള്ളിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് സി.എസ്.കെ ആവശ്യപ്പെട്ടു. 'ക്രിക്കറ്റിനെയും കായിക വിനോദത്തിന്റെ ആവേശത്തെയും ഞങ്ങളോടൊപ്പം ആഘോഷിക്കൂ' എന്ന് തുടങ്ങുന്ന പോസ്റ്റിൽ, കളി പൂർണ്ണമായും ആസ്വദിക്കാനാണ് സി.എസ്.കെ ആരാധകരോട് അഭ്യർത്ഥിക്കുന്നത്. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതിന്റെ ആഘോഷങ്ങൾ നടക്കുമ്പോൾ, സ്റ്റേഡിയത്തിനുള്ളിൽ രാഷ്ട്രീയമായ ചേരിതിരിവുകളോ സംഘർഷങ്ങളോ ഒഴിവാക്കാനാണ് ഇത്തരമൊരു മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്.
"അൻപുടൻ (സ്നേഹപൂർവ്വം) അഭ്യർത്ഥിക്കുന്നു, രാഷ്ട്രീയ ബാനറുകൾ ഒഴിവാക്കി നിങ്ങളുടെ 'യെല്ലോ ലവ്' (Yellow Love) ക്രിക്കറ്റിനായി മാത്രം മാറ്റിവെക്കൂ," എന്നാണ് സി.എസ്.കെ തങ്ങളുടെ പോസ്റ്റിൽ കുറിച്ചത്. നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി തമിഴ്‌നാട് ഒന്നടങ്കം ഒരുങ്ങുന്നതിനിടെയാണ് കായിക രംഗത്തെയും രാഷ്ട്രീയത്തെയും വേർതിരിച്ചു നിർത്താനുള്ള ഈ നീക്കം. സംസ്ഥാനത്ത് ഡിഎംകെ നയിക്കുന്ന ഇന്ത്യ സഖ്യത്തെയും എഐഎഡിഎംകെ നയിക്കുന്ന എൻഡിഎ സഖ്യത്തെയും പരാജയപ്പെടുത്തി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ടിവികെ ജയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കോൺഗ്രസ്, ഡിഎംകെ ചേരിയിൽ നിന്ന് മാറി ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്ന ടിവികെയെ, ഡിഎംകെ ചേരിയിൽ നിന്നുകൊണ്ട് പുറത്തുനിന്ന് പിന്തുണക്കാൻ ഇടതുപാർട്ടികളും വിസികെയും മുസ്ലിം ലീഗും തീരുമാനിച്ചു. ഇതോടെയാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനുള്ള ഭൂരിപക്ഷം ടിവികെയും പാർട്ടിയുടെ പരമോന്നത നേതാവായ വിജയ്‌യും നേടിയത്. നാളെ രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ നടക്കുന്ന സാഹചര്യത്തിലാണ് വൈകിട്ട് മൂന്നരയ്ക്ക് നടക്കുന്ന മത്സരത്തിൽ രാഷ്ട്രീയം മാറ്റിവെച്ച് എത്താൻ സിഎസ്കെ മാനേജ്‌മെൻ്റ് ആവശ്യപ്പെടുന്നത്.


